ന്യൂഡൽഹി: കോവിഡ് വാക്സിന്റെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്നത് ഉൾപ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും 2022-ലെ ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുന്നതെന്ന് കേന്ദ്രസർക്കാർ.

ഇന്ത്യ, സൗദി അറേബ്യ ഭരണകൂടങ്ങളുടെ മാർഗനിർദേശങ്ങൾക്കനുസൃതമായിരിക്കും തിരഞ്ഞെടുപ്പെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി അറിയിച്ചു. ഡൽഹിയിൽനടന്ന ഹജ്ജ് അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകും. അതോടെ ഓൺലൈൻ അപേക്ഷാ നടപടികളും തുടങ്ങും. ഹജ്ജിനുള്ള മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റലായിരിക്കും. ഇൻഡൊനീഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരെ അയക്കുന്നത് ഇന്ത്യയാണ്.

ഡിജിറ്റൽ ആരോഗ്യ കാർഡ്, ഇ- മസീഹാ (E-MASIHA) ആരോഗ്യസംവിധാനം, മക്ക-മദീനയിലെ താമസ-ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്ന ‘ഇ-ലഗേജ് പ്രീ-ടാഗിങ്‌’ എന്നിവ ലഭ്യമാക്കും.

പുരുഷപിന്തുണ ഇല്ലാത്തവരുടെ (‘മെഹ്റാം’ ഇല്ലാതെ) വിഭാഗത്തിൽ 2020, 2021 ഹജ്ജിനായി മൂവായിരത്തിലേറെ സ്ത്രീകളാണ് അപേക്ഷിച്ചതെന്ന് മന്ത്രി അറിയിച്ചു. താത്പര്യപ്പെടുകയാണെങ്കിൽ 2022-ലെ ഹജ്ജിലേക്ക് അവരുടെ അപേക്ഷകൾക്ക് സാധുതനൽകും. മറ്റ് സ്ത്രീകൾക്കും ഇതേവിഭാഗത്തിൽ അപേക്ഷിക്കാവുന്നതാണ്. ഇതിനുകീഴിൽ അപേക്ഷിക്കുന്ന സ്ത്രീകളെ ലോട്ടറി സംവിധാനത്തിൽനിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.