അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ഡൽഹിയിൽ ചർച്ചനടത്തി. ഹാർദിക് പട്ടേലിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിൽ പലരും എതിർപ്പ് അറിയിച്ചതായാണ് സൂചന.

ഗുജറാത്ത് പി.സി.സി. അധ്യക്ഷൻ അമിത് ചവഡയും പ്രതിപക്ഷ നേതാവ് പരേശ് ധാനാണിയും രാജിവെച്ചിട്ട് ആറുമാസമായി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയെ തുടർന്നായിരുന്നു ഇത്. രാജികൾ സ്വീകരിച്ചെങ്കിലും പകരം സംവിധാനമാകുന്നതുവരെ തുടരാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന കോൺഗ്രസിന്റെ ചുമതലക്കാരനായി രാജസ്ഥാൻ മന്ത്രി രഘു ശർമയെ കഴിഞ്ഞ ദിവസം നിയമിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗുജറാത്തിലെ ഇരുപതോളം മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി വെള്ളിയാഴ്ച ചർച്ച നടത്തിയത്.

നേതാക്കൾ ഒറ്റയ്ക്കും കൂട്ടായും രാഹുലിനെ കണ്ടതായാണ് വിവരം. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രഘു ശർമ എന്നിവരും പങ്കെടുത്തു. ഇപ്പോൾ വർക്കിങ് പ്രസിഡന്റായ ഹാർദിക് പട്ടേലിനെ അധ്യക്ഷനാക്കുന്നതിൽ പലരും എതിർപ്പറിയിച്ചു. പരിചയസമ്പന്നനല്ലാത്തതും ഒരു സമുദായത്തിന്റെ മാത്രം നേതാവായി അറിയപ്പെടുന്നതുമാണ് മുഖ്യ പ്രശ്നങ്ങൾ. ഹാർദികിനെ നേതാവാക്കിയാൽ സംഘടനയിൽനിന്ന് കൂട്ടരാജിയുണ്ടാകാമെന്ന് മുന്നറിയിപ്പു നൽകിയതായും പ്രചാരണമുണ്ട്. ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും രാഹുലിനെ കണ്ടിരുന്നു. തുടർന്ന് ഇവർ പട്നയിൽ കനയ്യകുമാറിനൊപ്പം റാലിയിൽ പങ്കെടുക്കാൻ പോവുകയും ചെയ്തു.

രാജ്യസഭാ എം.പി.യും മുൻ പ്രതിപക്ഷ നേതാവുമായ ശക്തിസിങ് ഗോഹിലിന്റെ പേരും പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഹാർദികിന് അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല നൽകിയേക്കും. നവംബറിൽ ദീപാവലി കഴിഞ്ഞാലുടൻ സംസ്ഥാനത്ത് പാർട്ടിയുടെ ചിന്തൻ ശിബിരം ചേരും. രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുക്കും.