മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാൽ ഊരിമാറ്റേണ്ടിവരുന്നത് വളരെയേറെ വേദനാജനകമാണെന്ന് നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുധാ ചന്ദ്രൻ തന്റെ പ്രതിഷേധം അറിയിച്ചത്. തുടർന്ന് സുധാ ചന്ദ്രനോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാൽ അഴിപ്പിച്ചതിനാണ് മാപ്പുപറഞ്ഞത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സുധാ ചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇട്ടതിനു പിന്നാലെയാണ് വിഷയത്തിൽ മാപ്പുചോദിച്ച് സി.ഐ.എസ്.എഫ്. രംഗത്തെത്തിയത്. അസാധാരണമായ സാഹചര്യത്തിൽ മാത്രമേ കൃത്രിമക്കാൽ അഴിപ്പിച്ച് പരിശോധിക്കേണ്ടതുള്ളൂ എന്നതാണ് പ്രോട്ടോകോളെന്നും എന്തുകൊണ്ടാണ് സുധാ ചന്ദ്രന് ഇത്തരത്തിലൊരു അവസ്ഥ നേരിടേണ്ടിവന്നതെന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അവർക്കുണ്ടായ വിഷമത്തിനും ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നുവെന്നുമായിരുന്നു സി.ഐ.എസ്.എഫ്. പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധാ ചന്ദ്രൻ വീഡിയോ പങ്കുവെച്ചത്. ഈ സന്ദേശം അധികാരികളിൽ എത്തുമെന്നും വേണ്ട നടപടി കൈക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയും അവർ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ സെലിബ്രിറ്റികളടക്കം ഒട്ടേറെപ്പേർ സുധയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. സുധയെപ്പോലുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെട്ടു.

വർഷങ്ങൾക്കുമുമ്പ് കാറപകടത്തെത്തുടർന്നാണ് സുധയ്ക്ക് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയരംഗത്തേക്കും ശക്തമായി തിരിച്ചെത്തി. തന്റെ പ്രതികരണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് മറുപടിയുണ്ടായെന്നും സി.ഐ.എസ്.എഫിന്റെ ഭാഗത്ത് നടപടിയുണ്ടായതിൽ സന്തുഷ്ടയാണെന്നും സുധാ ചന്ദ്രൻ പറഞ്ഞു.