ചെന്നൈ: രാഷ്ട്രീയപ്പാർട്ടി രൂപവത്കരണത്തിനുള്ള നടപടികളിൽനിന്ന് പിന്മാറാൻ ഒരുങ്ങി നടൻ വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ. വിജയ്‌യുടെ ആരാധകസംഘടന രാഷ്ട്രീയപ്പാർട്ടിയാക്കി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ പേര് അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന് മാറ്റി പാർട്ടി രജിസ്റ്റർ ചെയ്യാനായിരുന്നു ചന്ദ്രശേഖർ അപേക്ഷ സമർപ്പിച്ചിരുന്നത്. വിജയ്‌യുടെ ഭാഗത്തുനിന്നടക്കം എതിർപ്പ് ഉയർന്നതോടെയാണ് പാർട്ടി രജിസ്‌ട്രേഷനിൽനിന്ന് പിന്മാറാൻ തീരുമാനിച്ചത്.
പാർട്ടി പ്രസിഡന്റായിരുന്ന പത്മനാഭനും ഖജാൻജിയായിരുന്ന വിജയ്‌യുടെ അമ്മ ശോഭയും സ്ഥാനങ്ങൾ ഉപേക്ഷിച്ചിരുന്നു. ഇരുവരുടെയും രാജിക്കത്ത് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. പിന്നീട്, രജിസ്‌ട്രേഷൻ നടപടികളും നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അച്ഛൻ ആരംഭിക്കുന്ന പാർട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ ചേരുന്നതിൽനിന്ന് ആരാധകരെ വിലക്കുകയും ചെയ്തിരുന്നു. തന്റെ ചിത്രവും പേരും ദുരുപയോഗം ചെയ്താൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. താൻ അറിയാതെ ഖജാൻജിയാക്കിയെന്നു പറഞ്ഞ് വിജയ്‌യുടെ അമ്മ ശോഭയും രംഗത്തുവരുകയായിരുന്നു. മകൻ നിയമനടപടിയെടുത്താലും പിന്നോട്ടില്ലെന്നായിരുന്നു ചന്ദ്രശേഖർ പറഞ്ഞിരുന്നത്. ഇതിനിടെ വിജയ് പുതിയ ആരാധകസംഘടന രൂപവത്കരിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുമുണ്ടായിരുന്നു.