ന്യൂഡൽഹി: കോൺഗ്രസിൽ നേതൃത്വപ്രതിസന്ധിയില്ലെന്നും അധ്യക്ഷ സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനെതിരേ കപിൽ സിബൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയെന്നനിലയിലാണ് ഖുർഷിദിന്റെ പ്രതികരണം. വാർത്താ ഏജൻസിയായ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് ഖുർഷിദ് നിലപാട് വിശദീകരിച്ചത്.
വീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉയർത്താൻ കോൺഗ്രസിൽ ഒട്ടേറെ വേദികളുണ്ട്. അവ ഉപയോഗിക്കാതെ പുറത്തുപറയുന്നത് പാർട്ടിയെ പ്രതികൂലമായി ബാധിക്കും. നേതൃത്വം ആരുപറയുന്നതും കേൾക്കുന്നുണ്ട്. നേതാക്കൾ കേൾക്കുന്നില്ല എന്ന് പറയുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തെക്കുറിച്ച് കപിൽ സിബൽ, പി.ചിദംബരം തുടങ്ങിയ നേതാക്കൾ പാർട്ടിയെക്കുറിച്ച് ഉയർത്തിയ കാര്യങ്ങളോട് വിയോജിപ്പില്ലെന്ന് പറഞ്ഞ ഖുർഷിദ്, പാർട്ടിപ്രശ്നങ്ങൾ മാധ്യമങ്ങളോടുപറഞ്ഞ് ലോകത്തെ അറിയിക്കുന്ന രീതിയോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി. “സോണിയാഗാന്ധിയാണ് പാർട്ടിയുടെ അധ്യക്ഷ. അത് താത്‌കാലികമാണെന്ന് പ്രശ്നമുള്ള കാര്യമല്ല. താത്കാലികപ്രസിഡന്റ് എന്ന സംവിധാനം പാർട്ടിയുടെ ഭരണഘടനയ്ക്കുവിരുദ്ധമോ അനാവശ്യമോ അല്ല” -അദ്ദേഹം പറഞ്ഞു.