ന്യൂഡൽഹി: സിങ്കപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യൻ നാവികസേന നടത്തുന്ന രണ്ടുദിവസത്തെ നാവികാഭ്യാസം ഞായറാഴ്ച അന്തമാൻ കടലിൽ ആരംഭിച്ചു. തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ്. കമോർട്ട, ഐ.എൻ.എസ്. കാർമുക് എന്നിവ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
‘സിറ്റ്‌മെക്സ്’ എന്ന പേരിലുള്ള അഭ്യാസത്തിന്റെ രണ്ടാംപതിപ്പാണ് ഇത്തവണത്തേത്. നാവികയുദ്ധതന്ത്രങ്ങൾ, ആയുധപ്രയോഗം തുടങ്ങിയവയുണ്ടാകും. മൂന്നുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ നാവികാഭ്യാസം തിങ്കളാഴ്ച സമാപിക്കും. 2019 സെപ്റ്റംബറിൽ പോർട്ട്‌ബ്ലെയറിലായിരുന്നു ആദ്യ അഭ്യാസം.