ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കമ്പനി നൽകിയ അപകീർത്തിക്കേസിൽ മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ്.(ജെ.ഡി.എസ്.) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ രണ്ടുകോടിരൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. റോഡുകളുടെയുംമറ്റും നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്ന നന്ദി ഇൻഫ്രാസ്‌ട്രെക്‌ച്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് (നൈസ്) നൽകിയ കേസിൽ ബെംഗളൂരുവിലെ എട്ടാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറും മുൻ എം.എൽ.എ.യുമായ അശോക് ഖെനിയാണ് ഹർജി നൽകിയത്.

2011-ൽ ‘ഗൗഡര ഗർജനെ’ എന്നപേരിൽ ഒരു കന്നഡ വാർത്താചാനലിലെ അഭിമുഖത്തിൽ ദേവഗൗഡ നടത്തിയ പരാമർശമാണ് അപകീർത്തിക്കേസിലേക്ക് നയിച്ചത്. നൈസ് കരാർ ഏറ്റെടുത്ത വൻപദ്ധതിയായ ബെംഗളൂരു-മൈസൂരു എക്സ്‌പ്രസ് ഹൈവേ നിർമാണത്തിൽ വലിയ ക്രമക്കേട് നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പദ്ധതിക്ക് വേണ്ടതിലധികം ഭൂമി ഉപയോഗപ്പെടുത്തുന്നതായും ആരോപിച്ചു. ഇത് വാസ്തവവിരുദ്ധമാണെന്ന് കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ അളവ് നിശ്ചയിക്കുന്നതിൽ കമ്പനിക്ക് പങ്കില്ല. പരാമർശം കമ്പനിക്ക് അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരമായി പത്തുകോടിരൂപ ആവശ്യപ്പെട്ടായിരുന്നു അശോക് ഖെനി കോടതിയെ സമീപിച്ചത്.

അഭിമുഖത്തിൽ ഉന്നയിച്ച ആരോപണം തെളിയിക്കാൻ ദേവഗൗഡയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി മല്ലനഗൗഡ ചൂണ്ടിക്കാട്ടി. ആക്ഷേപമുന്നയിച്ച പദ്ധതി ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ചതാണ്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്താൻ അനുവദിച്ചാൽ ജനങ്ങൾക്ക് ഉപകാരപ്രദമായ വലിയ പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുമെന്നും കോടതി ചൂണ്ടിക്കാട്ടി.