ബെംഗളൂരു: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴാം പ്രതിയെ എൻ.ഐ.എ. പ്രത്യേക കോടതി തെളിവില്ലെന്ന കാരണത്താൽ വെറുതേ വിട്ടു. 2017 മാർച്ചിൽ അറസ്റ്റിലായ അഗർത്തല സ്വദേശി ഹബീബ് മിയ(40)യെ ആണ് കോടതി വെറുതേ വിട്ടത്. 2005 ഡിസംബർ 28-നാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്രമണമുണ്ടായത്. വെടിവെപ്പിൽ ഡൽഹിയിൽനിന്നുള്ള വിസിറ്റിങ് പ്രൊഫസർ എം.സി. പുരി കൊല്ലപ്പെട്ടിരുന്നു.

മുഖ്യപ്രതിയായ ബിഹാർ സ്വദേശി സബൗദിൻ അഹമ്മദിനെ ബംഗ്ലാദേശിലേക്ക് കടക്കാൻ സഹായിച്ചെന്നാണ് ഹബീബ് മിയയ്ക്കെതിരായ കേസ്. സബൗദിൻ അഹമ്മദിനെ 2008-ൽ നേപ്പാളിൽനിന്ന് പിടികൂടിയിരുന്നു. സബൗദിൻ തീവ്രവാദിയാണെന്നും ബെംഗളൂരുവിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നും തെളിയിക്കുന്ന ഒന്നും പോലീസിന് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. എന്തിനാണ് കേസിലുൾപ്പെടുത്തിയതെന്നുപോലും പ്രതിക്കറിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ഹബീബ് മിയയെ വെറുതേ വിട്ടത്.

ആക്രമണമുണ്ടായി മൂന്നുവർഷത്തോളം പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 2008-ൽ സബൗദിൻ അഹമ്മദിനെ അറസ്റ്റുചെയ്തതോടെയാണ് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. 2005 മേയിൽ പാകിസ്താനിലെ ലഷ്‌കർ ഇ തൊയ്ബ അംഗം അബ്ദുൾ അസീസാണ് തന്നോട് ബംഗ്ലാദേശിൽ പോയി ബെംഗളൂരുവിൽ ഭീകരാക്രമണത്തിന്‌ പദ്ധതിയിടാൻ ആവശ്യപ്പെട്ടതെന്ന് സബൗദിൻ അഹമ്മദ് പോലീസിന് മൊഴിനൽകിയിരുന്നു. ബംഗ്ലാദേശിലേക്ക് കടക്കാൻ ഏറ്റവും എളുപ്പം അഗർത്തല വഴിയാണെന്ന് മനസ്സിലാക്കിയ അഹമ്മദ് ഇവിടെയെത്തി ഹബീബ് മിയയെ പരിചയപ്പെട്ട് സഹായം തേടിയെന്നാണ് ആരോപണം.