മുംബൈ: മഹാരാഷ്ട്രയിൽ ആദ്യമായി രണ്ടിനം വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലെ ഒരു ഗുഹയിൽനിന്നുള്ള വവ്വാലുകളിലാണ് പുണെയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽത്തന്നെ ഇവ കണ്ടെത്തിയിരുന്നെങ്കിലും അടുത്തിടെയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

മഹാരാഷ്ട്രയിലെ വവ്വാലുകളിൽ മുമ്പ് പലതവണ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് പഠനസംഘത്തിന് നേതൃത്വം നൽകിയ ഡോ. പ്രഗ്യാ യാദവ് പറഞ്ഞു. രണ്ടിനത്തിൽപ്പെട്ട 80 വവ്വാലുകളെയാണ് മഹാബലേശ്വറിൽനിന്ന് പിടിച്ചത്. ഇവയുടെ രക്തവും സ്രവവും പരിശോധനയ്ക്ക് വിധേയമാക്കി. ഒരിനത്തിൽപ്പെട്ട 33 എണ്ണത്തിലും മറ്റേ ഇനത്തിൽപ്പെട്ട ഒരെണ്ണത്തിലുമാണ് വൈറസ് കണ്ടെത്തിയത്.

രാജ്യത്ത് ഇതുവരെയായി നാലുതവണ നിപ വൈറസിന്റെ വ്യാപനം ഉണ്ടായിട്ടുണ്ട്. ആദ്യത്തെ രണ്ടുതവണ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അവസാനത്തെ രണ്ടുതവണ കേരളത്തിലുമായിരുന്നു. മാരകമായ ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്നോ പ്രതിരോധ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രാജ്യത്ത് കോവിഡ് പിടിപെട്ടവരിലെ മരണനിരക്ക് ഒന്നുമുതൽ രണ്ടുവരെ ശതമാനമാണെങ്കിൽ നിപ പിടിപെട്ടവരിൽ ഇത് 65 മുതൽ 100 വരെയാണ്.