മുംബൈ: ലോക്‌സഭാംഗം നവനീത്‌ കൗർ റാണെയുടെ (35) ജാതിസർട്ടിഫിക്കറ്റ്‌ അസാധുവാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്നുള്ള സ്വതന്ത്ര എം.പി.യാണ്‌ നവനീത്‌ കൗർ. ഹൈക്കോടതി വിധിക്കെതിരെയുള്ള അവരുടെ അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ വിനീത്‌ സരൺ, ദിനേഷ്‌ മഹേശ്വരി എന്നിവടരടങ്ങിയ അവധിക്കാല ബെഞ്ച്‌ കേസുമായി ബന്ധപ്പെട്ടവർക്ക്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു.

നവനീത്‌ കൗറിന്റെ ജാതി സർട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയ ബോംബെ ഹൈക്കോടതി സർട്ടിഫിക്കറ്റ്‌ കണ്ടുകെട്ടാൻ ഉത്തരവിട്ടതിനു പുറമേ രണ്ട്‌ ലക്ഷം രൂപ അവർക്ക്‌ പിഴയിട്ടിരുന്നു. പട്ടികജാതിക്കാരി എന്ന സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുവേണ്ടി നവനീത്‌ കൗർ ജാതി പരിശോധനാ സമിതിക്ക്‌ മുമ്പാകെ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. പട്ടികജാതിവിഭാഗത്തിന്‌ സംവരണം ചെയ്ത മണ്ഡലത്തിൽ മത്സരിക്കുന്നതിനു വേണ്ടിയായിരുന്നു നവനീത്‌ കൗർ വ്യാജ സർട്ടിഫിക്കറ്റ്‌ നേടിയതെന്നും ഇത് വ്യാജമാണെന്ന്‌ കണ്ടെത്തുന്നതിൽ ജാതിപരിശോധന സമിതിക്ക്‌ വീഴ്ച സംഭവിച്ചതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എതിർസ്ഥാനാർഥിയായിരുന്ന ശിവസേനയിലെ ആനന്ദ്‌ അദ്‌സുൽ ആണ്‌ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്‌.

മഹാരാഷ്ട്ര നിയമസഭയിൽ അമരാവതിയിൽനിന്നുള്ള സ്വതന്ത്ര അംഗമായ രവി റാണെയാണ്‌ നവനീത്‌ കൗറിന്റെ ഭർത്താവ്‌. 2019-ലെ തിരഞ്ഞെടുപ്പിൽ എൻ.സി.പിയും ആർ.പി.ഐയും അവരെ പിന്തുണച്ചിരുന്നു. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്‌.