ബെംഗളൂരു: ഗാസിയാബാദിൽ വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ച കേസിൽ ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധിപറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

വാദം പൂർത്തിയായശേഷം ജസ്റ്റിസ് ജി. നരേന്ദറിന്റെ ഏകാംഗ ബെഞ്ച് ഹർജി വിധിപറയാനായി മാറ്റുകയായിരുന്നു

കേസിൽ നേരിട്ടു ഹാജരാകാനാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഗാസിയാബാദ് ലോനി ബോർഡർ പോലീസ് അയച്ച നോട്ടീസിനെ ചോദ്യം ചെയ്താണ് മനീഷ് മഹേശ്വരി ഹർജി നൽകിയത്. പോലീസിനുമുന്നിൽ ഹാജരാകാതെ മനീഷ് മഹേശ്വരി ഒളിച്ചുകളിക്കുകയാണെന്ന് ഉത്തർപ്രദേശ് പോലീസ് കോടതിയിൽ ആരോപിച്ചിരുന്നു. അതേസമയം, ഗാസിയാബാദ് പോലീസിന്റെ അധികാരപരിധിക്കു പുറത്തുള്ളയാളോട് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത് നിയമപരമായി സാധുവല്ലെന്നായിരുന്നു മനീഷിന്റെ വാദം. മനീഷ് ട്വിറ്ററിന്റെ ഒരു ജീവനക്കാരൻ മാത്രമാണെന്നും വാദിച്ചിരുന്നു.

ബെംഗളൂരുവിലുള്ള മനീഷ് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാമെന്ന് അറിയിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മനീഷിനെതിരേ നടപടിയെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു.