ന്യൂഡൽഹി: പാർലമെന്റിനകത്തും പുറത്തും കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷ എം.പി.മാർ.

പാർലമെന്റ് വളപ്പിൽ യു.ഡി.എഫ്. എം.പി.മാർ പ്രതിഷേധധർണ നടത്തി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇടതുപക്ഷ എം.പി.മാരും പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. കോൺഗ്രസ് എം.പി.മാർ ലോക്‌സഭയിൽ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് പോസ്റ്ററുകൾ ഉയർത്തി.

കിസാൻ പാർലമെന്റ് സംഘടിപ്പിക്കുന്ന കർഷകരെ കാണാനെത്തിയ കേരള എം.പി.മാരെ പോലീസ് തടഞ്ഞതു പ്രതിഷേധത്തിനിടയാക്കി. കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബെഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ആന്റോ ആന്റണി, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രമ്യാ ഹരിദാസ്, അബ്ദുസ്സമദ് സമദാനി എന്നിവരെയാണ് തടഞ്ഞത്. കടത്തിവിട്ടില്ലെങ്കിൽ റോഡിൽ കുത്തിയിരിക്കുമെന്ന് എം.പി.മാർ മുന്നറിയിപ്പു നൽകി. ഏറെനേരത്തെ വാക്കേറ്റത്തിനുശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് എം.പി.മാർക്ക് പ്രത്യേക വാഹനത്തിൽ മറ്റൊരു വഴിയിലൂടെ കർഷകസമരകേന്ദ്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകി. കർഷകർക്ക് അഭിവാദ്യമർപ്പിച്ചശേഷം യു.ഡി.എഫ്. എം.പി.മാർ മടങ്ങി.

എളമരം കരീം, വി. ശിവദാസൻ എന്നിവർ രാജ്യസഭയിലും എ.എം. ആരിഫ് ലോക്‌സഭയിലും അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. പിന്നീട്, ബിനോയ് വിശ്വം, എ.എം. ആരിഫ്, ശിവദാസൻ എന്നിവർ സമരകേന്ദ്രത്തിൽ കർഷകരെയും സന്ദർശിച്ചു.