മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ (പി.എം.സി. ബാങ്ക്) വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടുകേസിൽ ഹിതേന്ദ്ര ഠാക്കൂർ എം.എൽ.എ.യുടെ അഞ്ചുസ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷയെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ഉദ്ധവ് സർക്കാരിന് പിന്തുണ നൽകുന്ന ബഹുജൻ വികാസ് അഘാഡി പ്രസിഡന്റ് ഹിതേന്ദ്ര ഠാക്കൂറിനെതിരേയും ഇ.ഡി. നടപടിക്കൊരുങ്ങുന്നത്. ഹിതേന്ദ്ര ഠാക്കൂറിന്റെ നിയന്ത്രണത്തിലുള്ള വിവ ഗ്രൂപ്പിന്റെ വസായ്-വിരാർ മേഖലയിലുള്ള സ്ഥാപനങ്ങളിലാണ് ഇ.ഡി. പരിശോധന.
പി.എം.സി. ബാങ്കിൽനിന്ന് അനധികൃതമായി കോടികൾ വായ്പയെടുത്ത ഹൗസിങ് ഡെവലപ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (എച്ച്.ഡി.ഐ.എൽ.) അനുബന്ധസ്ഥാപനമായ ഗുരുവാശിഷ് കൺസ്ട്രക്‌ഷൻസും വിവ ഗ്രൂപ്പും തമ്മിൽ പണമിടപാട് നടന്നിട്ടുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് റെയ്ഡ്. ഗുരുവാശിഷിന്റെ മേധാവി പ്രവീൺ റാവുത്തിനെ അറസ്റ്റുചെയ്ത ഇ.ഡി., അദ്ദേഹത്തിന്റെ 72 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുമുണ്ട്.
പ്രവീൺ റാവുത്തുമായുള്ള പണമിടപാടിന്റെ പേരിലാണ് ബന്ധുകൂടിയായ വർഷ റാവുത്തിനെ ചോദ്യംചെയ്തത്. പി.എം.സി. ബാങ്കിൽനിന്ന് 4,300 കോടി രൂപ അനധികൃതമായി വായ്പയെടുത്ത എച്ച്.ഡി.ഐ.എല്ലിനെതിരേ മുബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പണമിടപാടിനെപ്പറ്റി ഇ.ഡി. അന്വേഷണം തുടങ്ങിയത്. പി.എം.സി. ബാങ്കിൽനിന്ന് എച്ച്.ഡി.ഐ.എൽ. വഴിയെടുത്ത വായ്പയിൽ 95 കോടി രൂപ ഗുരുവാശിഷ് കൺസ്ട്രക്‌ഷൻസിന് ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിൽനിന്ന് വിവ ഗ്രൂപ്പിന് പണം കിട്ടിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. പ്രവീൺ റാവുത്തിനെ അറസ്റ്റുചെയ്തതുമുതൽ വിവ ഗ്രൂപ്പിൽ റെയ്ഡ് പ്രതീക്ഷിച്ചിരുന്നെന്ന് ഹിതേന്ദ്ര ഠാക്കൂർ എം.എൽ.എ. പറഞ്ഞു.
നാൽപ്പതോളം ഇ.ഡി. ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച രാവിലെ വിവയുടെ ഓഫീസുകളിലത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ക്രമം വിട്ട് ഒന്നുംചെയ്തിട്ടില്ലാത്തതുകൊണ്ട് പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വസായ്, വിരാർ മേഖലയിൽ സ്വാധീനമുള്ള ബഹുജൻ വികാസ് അഘാഡിക്ക് നിയമസഭയിൽ മൂന്ന് അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പിനുശേഷം പാർട്ടി ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിക്ക് പിന്തുണപ്രഖ്യാപിച്ചു.