മുംബൈ: ഭണ്ഡാര ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തത്തിൽ 10 പിഞ്ചുകുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ജില്ലാ സിവിൽസർജൻ ഉൾപ്പെടെ മൂന്നു പേരെ മഹാരാഷ്ട്രസർക്കാർ സസ്പെൻഡ് ചെയ്തു. ശിശുരോഗ വിദഗ്ധ ഉൾപ്പെടെ മൂന്ന് കരാർ ജീവനക്കാരെ പുറത്താക്കി. രണ്ടാഴ്ചമുമ്പുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട നാഗ്പുർ ഡിവിഷണൽ കമ്മിഷണർ സഞ്ജീവ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.
ജില്ലാ സിവിൽസർജൻ പ്രമോദ് ഖാന്ദാത്തെയെയും ആശുപത്രിയിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ അർച്ചനാ മെശ്‌റാമിനെയും നഴ്സ് ജ്യോതി ഭരാസ്കറിനെയുമാണ് വകുപ്പുതല അന്വേഷണം പൂർത്തിയാവുന്നതുവരെ സസ്പെൻഡ് ചെയ്തത്. അഡീഷണൽ സിവിൽ സർജൻ സുനിതാ ബഡേയെ സ്ഥലം മാറ്റി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന ശിശുരോഗ വിദഗ്ധ സ്തുതി അംബാഡെയയും സ്റ്റാഫ് നഴ്‌സുമാരായ സ്മിത സഞ്ജയ് അംബിൽ ഡ്യൂക്കേ, ശുഭാംഗി സതാവ്‌നേ എന്നിവരെയുമാണ് പിരിച്ചുവിട്ടത്.
ആശുപത്രിയിൽ മതിയായ അറ്റകുറ്റപ്പണികൾ നടക്കാത്തതിന്റെയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിന്റെയും ഉത്തരവാദിത്വം ഖാന്ദാത്തെക്കും ബഡേയ്ക്കുമാണെന്ന് കണ്ടതിനെത്തുടർന്നാണ് ഇരുവർക്കുമെതിരേ നടപടിയെടുത്തത്. ഡ്യൂട്ടിയിലായിരുന്നിട്ടും തീപ്പിടിത്തമുണ്ടായ സമയം വാർഡിൽ ഇല്ലായിരുന്നൂ എന്നു കണ്ടതിനാലാണ് ശിശുരോഗ വിദഗ്ധയുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും കരാർ അവസാനിപ്പിച്ചത്. തീ പടരാൻ തുടങ്ങിയ ശേഷമാണ് നഴ്‌സുമാർ നവജാത ശിശുവിഭാഗത്തിലെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഭണ്ഡാര ജില്ലാ ആശുപത്രിയിലെ നാലുനിലക്കെട്ടിടത്തിൽ നവജാത ശിശുക്കൾക്കുള്ള പ്രത്യേക പരിചരണവിഭാഗത്തിൽ ജനുവരി ഒമ്പതിന് പുലർച്ചെയാണ് തീപ്പിടിത്തമുണ്ടായത്. ആശുപത്രി ജീവനക്കാരും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചെങ്കിലും അപ്പോഴേക്ക് 10 കുട്ടികൾ മരിച്ചിരുന്നു. മൂന്നുപേർ പൊള്ളലേറ്റും ഏഴുപേർ പുക പടർന്നതുകാരണമുണ്ടായ ശ്വാസതടസ്സംമൂലവുമാണ് മരിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റ നിഗമനം. ആവശ്യത്തിന് ഇലക്ട്രീഷ്യൻമാരും ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്താനുള്ള ടെക്‌നീഷ്യൻമാരും ഇല്ലാത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് റിപ്പോർട്ടിലുണ്ട്. അപകടത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ മുഴുവൻ ആശുപത്രികളിലും അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു.