മുംബൈ: രാജ്യത്തെ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെ (എൻ.ബി.എഫ്.സി.) പ്രവർത്തനരീതിയും വ്യാപ്തിയും അനുസരിച്ച് നാലായി തിരിച്ച് നിയന്ത്രണം കൊണ്ടുവരാൻ റിസർവ് ബാങ്കിന്റെ കരടു നിർദേശം. ഇതുപ്രകാരം, ഇവയുടെ പ്രവർത്തനരീതിയനുസരിച്ച് ബേസ് ലേയർ (എൻ.ബി.എഫ്.സി. -ബി.എൽ.), മിഡിൽ ലേയർ (എൻ.ബി.എഫ്.സി. -എം.എൽ.), അപ്പർ ലേയർ (എൻ.ബി.എഫ്.സി. - യു.എൽ.), ടോപ്പ് ലേയർ എന്നിങ്ങനെ നാലായി തരംതിരിക്കും.
നിക്ഷേപം സ്വീകരിക്കാത്ത എൻ.ബി.എഫ്.സി.കളാണ് ബേസ് ലേയറിൽ ഉൾപ്പെടുക. നിക്ഷേപം സ്വീകരിക്കുന്നില്ലെങ്കിലും സാമ്പത്തികസംവിധാനത്തിൽ കൂടുതൽ പ്രാധാന്യമുള്ളവ, നിക്ഷേപം സ്വീകരിക്കുന്നവ, ഭവനവായ്പാകമ്പനികൾ എന്നിവ മിഡിൽ ലേയർ വിഭാഗത്തിൽ വരും. ബേസ് ലേയറിനെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങളുണ്ടാകും.
സാമ്പത്തികസുസ്ഥിരതയിൽ നിർണായകസ്ഥാനമുള്ള വലിയ എൻ.ബി.എഫ്.സി.കളെയാണ് അപ്പർ ലേയറിൽ ഉൾപ്പെടുത്തുക. ബാങ്കിന് സമാനമായ നിയന്ത്രണങ്ങളാകും ഇവയ്ക്ക് ഏർപ്പെടുത്തുന്നത്. നിയന്ത്രണനിർദേശങ്ങൾപ്രകാരം കൂടുതൽ വെല്ലുവിളികൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന വലിയ എൻ.ബി.എഫ്.സി.കളാണ് ടോപ്പ് ലേയറിൽ വരുക. വലുപ്പം, കൈകാര്യംചെയ്യുന്ന തുക, പരസ്പരം ബന്ധപ്പെട്ടുള്ള പ്രവർത്തനരീതി, പ്രവർത്തനമേഖല എന്നിവയെ അടിസ്ഥാനമായിട്ടാകും തിരഞ്ഞെടുപ്പെന്ന് കരട് റിപ്പോർട്ടിൽ പറയുന്നു.
തന്ത്രപ്രധാന എൻ.ബി.എഫ്.സി.കളെ തരംതിരിക്കുന്നതിനുള്ള സാമ്പത്തികപരിധി നിലവിലെ 500 കോടിയിൽനിന്ന് 1000 കോടിയായി ഉയർത്താനും നിർദേശമുണ്ട്. പുതിയ എൻ.ബി.എഫ്.സി.കൾക്ക് സ്വന്തമായി വേണ്ട അടിസ്ഥാന ഫണ്ട് രണ്ടുകോടിയിൽനിന്ന് 20 കോടിയായി ഉയർത്താനുള്ളതാണ് മറ്റൊരു നിർദേശം. നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കാൻ അഞ്ചുവർഷത്തെ സമയം നൽകാനും കരടുറിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഒരുമാസത്തിനകം റിപ്പോർട്ടിൽ ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ അറിയിക്കാം.