ന്യൂഡൽഹി: കോവിഡ് വാക്സിൻ തികച്ചും സുരക്ഷിതമാണെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിൽ വാക്സിൻ കുത്തിവെച്ച ആരോഗ്യപ്രവർത്തകരുമായി വീഡിയോ കോൺഫറൻസിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്സിനുമായി ബന്ധപ്പെട്ട് ചില കോണുകളിൽനിന്ന് ഉയർന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
“ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ക്ലീൻചിറ്റ് നൽകിയതോടെ വാക്സിൻ ഫലപ്രദമാണെന്ന സന്ദേശം ജനങ്ങളിലെത്തുകയാണ്. കൊറോണയുടെ മുന്നണിപ്പോരാളികൾ വലിയ കാര്യമാണ് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ യജ്ഞത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചത്. രാജ്യമൊട്ടുക്കും നമ്മുടെ ആരോഗ്യപ്രവർത്തകർ ഇപ്പോൾ വാക്സിൻ കുത്തിവെപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. വാക്സിൻ എപ്പോഴാണ് വരികയെന്ന് ചോദിച്ചുകൊണ്ട് വലിയ സമ്മർദമാണ് നേരത്തേ എനിക്ക് നേരിടേണ്ടിവന്നത്. അത് രാഷ്ട്രീയവിഷയമല്ലെന്നും ശാസ്ത്രജ്ഞരാണ് തീരുമാനിക്കേണ്ടതെന്നും ഞാൻ വ്യക്തമാക്കി. ഇപ്പോൾ വാക്സിൻ വന്നുകഴിഞ്ഞു. അത് എല്ലാവരും പ്രയോജനപ്പെടുത്തണം” -പ്രധാനമന്ത്രി പറഞ്ഞു.