ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) വീണ്ടും തള്ളി. നേരത്തേ, ഡിസംബർ 14-നും ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) രജിസ്റ്റർചെയ്ത ലഹരിമരുന്നുകേസിൽ മനഃപൂർവം പ്രതിചേർക്കാൻ ഇ.ഡി. ശ്രമിക്കുന്നതായി ബിനീഷ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
അതിനിടെ, ലഹരിമരുന്നുകേസിൽ എൻ.സി.ബി. കഴിഞ്ഞദിവസം ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയെ പ്രതിചേർത്തിട്ടില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി രണ്ടു ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് ബിനീഷിന്റെ അഭിഭാഷകൻ രഞ്ജിത് ശങ്കർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.