ചെന്നൈ: അരയ്ക്കുതാഴെ എല്ലുകൾതകർന്ന ഷിജിലിനെ ആദ്യംകണ്ട ഡോക്ടർ പറഞ്ഞത് രണ്ടുമണിക്കൂറിൽ കൂടുതൽ ജീവൻ നിലനിൽക്കില്ലെന്നായിരുന്നു. അവിടെ തുടങ്ങിയതാണ് ഷിജിലിന്റെ പോരാട്ടം. പ്രത്യാശയുടെ നൂൽപ്പാലത്തിലൂടെയുള്ള യാത്ര വിജയതീരത്തെത്തിക്കഴിഞ്ഞു.

പഠനത്തിൽനഷ്ടമായ ഒരുവർഷം വീൽച്ചെയറിലിരുന്ന്‌ തിരിച്ചുപിടിച്ചു. ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് അവസാനവർഷ പരീക്ഷകൂടി കഴിയുന്നതോടെ തിരിച്ചുവരവിന്റെ ആദ്യഘട്ടം പൂർത്തിയാകും.

ചെന്നൈയിൽ ചായക്കട നടത്തുന്ന തലശ്ശേരി സ്വദേശി ശശികുമാറിന്റെ മകൻ ഷിജിലിന്റെ ജീവിതത്തിൽ ദുരന്തമെത്തിയത് 2019 ഏപ്രിൽ നാലിനാണ്. കെട്ടിടത്തിന്റെ ചുമരിടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റു. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഷിജിലിന്റെ അരയ്ക്ക് താഴെയുള്ള ഭാഗങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കടിയിലായി.

എല്ലുകൾ തകർന്നനിലയിൽ ഷിജിലിനെ റോയപ്പേട്ട ആശുപത്രിയിലെത്തിച്ചപ്പോൾ ഒട്ടും പ്രതീക്ഷ വേണ്ടന്നും രണ്ട് മണിക്കൂറിൽ കൂടുതൽ ജീവൻ നിലനിർത്താൻ സാധിക്കില്ലെന്നുമാണ് ഡോക്ടർ അറിയിച്ചത്. ഇതുകേട്ട ശശികുമാർ ബോധരഹിതമായി. പിടിച്ചുനിന്ന അമ്മ തങ്കമണി മകനെ ചെന്നൈ സെൻട്രലിലുള്ള രാജീവ് ഗാന്ധി ആശുപത്രിയിലെത്തിച്ചു. രണ്ടുശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. വേദനകൊണ്ട് കട്ടിലിൽ കിടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

പിന്നീട് മൂന്നുമാസത്തെ ചികിത്സകൊണ്ട് ജീവൻനിലനിർത്താൻ സാധിച്ചുവെങ്കിലും കിടക്കയിൽ നിന്നെഴുന്നേൽക്കാൻ സാധിച്ചില്ല. അഞ്ച് മാസത്തോളം ചികിത്സ വെല്ലൂർ സി.എം.സി.യിലായിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. കാലുകൾക്ക് ചലനശേഷി തിരിച്ചുകിട്ടി.

ചികിത്സയ്ക്കിടെ പഠനം മുടങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ ഷിജിൽ പരിഹരംകണ്ടു. വേദന മറന്നായിരുന്നു മുടങ്ങിയ പരീക്ഷകൾ ഓൺലൈനിൽ എഴുതിവിജയിച്ചത്. ഇപ്പോൾ അവസാന സെമസ്റ്റർ പരീക്ഷയ്ക്കായി ഒരുങ്ങുകയാണ്. വേദനപൂർണമായും മാറിയിട്ടില്ലെങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന ചിന്തയാണ് മുന്നോട്ടുനയിക്കുന്നതെന്ന് ഷിജിൽ പറയുന്നു. വീൽച്ചെയറിൽ ഇരുന്നിട്ടാണെങ്കിലും മറ്റു ചെറുപ്പക്കാരെ പോലെയാണ് ഷിജിലിന്റെ ഇപ്പോഴത്തെ ജീവിതവും.