ന്യൂഡൽഹി: യു.പി. സർക്കാർ അറസ്റ്റുചെയ്ത് ജയിലിലടച്ച മലയാളിമാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് ബാധിതനായി ആശുപത്രിയിൽ. മഥുരയിലെ കെ.എം. മെഡിക്കൽ കോളേജിലുള്ള സിദ്ദിഖിന് മികച്ച ചികിത്സ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സുപ്രീംകോടതിയെ സമീപിച്ചു.

സിദ്ദിഖിന് പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുണ്ട്. ജയിലിൽ ശുദ്ധമായ കുടിവെള്ളവും ആരോഗ്യനിലയ്ക്കു ചേരുന്ന ഭക്ഷണവും കിട്ടാത്തതിനാൽ ആരോഗ്യം മോശമായി കുളിമുറിയിൽ വീണു പരിക്കേറ്റു. ഇതിനു പിന്നാലെയാണ് കോവിഡും സ്ഥിരീകരിച്ചത്. സിദ്ദിഖിനെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്കോ എയിംസിലേക്കോ അടിയന്തരമായി മാറ്റണമെന്നാണ് ആവശ്യം.

ജയിലിൽതന്നെ അമ്പതിലേറെ പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും സ്ഥിതി അതീവമോശമാണെന്നും അഡ്വ. വിത്സ് മാത്യൂസ് മുഖേന സമർപ്പിച്ച ഹർജിയിൽ യൂണിയൻ ചൂണ്ടിക്കാട്ടി.