ന്യൂഡൽഹി: ഹൈക്കോടതികളിലെ കോവിഡുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതി ബാർ അസോസിയേഷൻ. സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയാണ് അസോസിയേഷൻ നിലപാടറിയിച്ചത്. ഓക്സിജൻ ലഭ്യത, ആശുപത്രിക്കിടക്കകളുടെ കുറവ് തുടങ്ങി പ്രാദേശികമായ വിഷയങ്ങൾ കൈകാര്യംചെയ്യാൻ ഹൈക്കോടതികൾ തന്നെയാണ് നല്ലതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ആശുപത്രികൾക്ക് മെഡിക്കൽ ഓക്സിജൻ ആവശ്യത്തിന് ലഭിക്കാത്ത വിഷയത്തിൽ ഡൽഹി, ബോംബെ ഹൈക്കോടതികൾ കേന്ദ്ര സർക്കാരിനെ കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. വ്യാഴാഴ്ച ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഹൈക്കോടതികളിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റുമെന്ന സൂചന നൽകി.

ഹൈക്കോടതികളുടെ അധികാരത്തെ വിലകുറച്ചുകാണുന്ന നടപടിയാണിതെന്ന് മുതിർന്ന അഭിഭാഷകരിൽ പലരും അഭിപ്രായപ്പെട്ടു. മുകുൾ റോഹ്തഗി, ദുഷ്യന്ത് ദവെ, അഞ്ജന പ്രകാശ്, ചന്ദർ ഉദയ് സിങ്, സഞ്ജയ് ഹെഗ്‌ഡെ, വിവേക് തൻക, രവീന്ദ്ര ശ്രീവാസ്തവ തുടങ്ങിയവർ സുപ്രീംകോടതി നിലപാടിനോട് വിയോജിച്ചു.