മുംബൈ: റെയിൽവേട്രാക്കിൽ വീണുകിടക്കുന്ന കുട്ടിയുടെ സമീപത്തേക്ക് പാഞ്ഞുവരുന്ന ട്രെയിൻ. ഓടിയെത്തി രക്ഷകനായി മാറിയ റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെ. സെക്കൻഡുകൾ പിഴച്ചിരുന്നെങ്കിൽ രണ്ടുജീവനുകൾ മഹാരാഷ്ട്രയിലെ വാംഗനി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പൊലിയുമായിരുന്നു. അതിന് നിമിത്തമായത് വിനോദ് കുമാർ ജാൻഗിഡ് എന്ന ലോക്കോ പൈലറ്റാണ്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന ട്രെയിനിനെ സഡൻ ബ്രേക്കിട്ട് 85 കിലോമീറ്റർ വേഗതയിലേക്ക് കൊണ്ടുവന്ന വിനോദ് രണ്ടുസെക്കൻഡ് വൈകിപ്പിച്ചു. ഓരോ സെക്കൻഡിനും വിലയുണ്ടെന്ന് കാണിച്ചുനൽകിയ വിനോദിനും സാമൂഹികമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്.

കുട്ടി റെയിൽവേ പ്ലാറ്റ്‌ഫോമിൽനിന്ന് ട്രാക്കിലേക്ക് വീഴുന്നതും രക്ഷപ്പെടുത്താൻ മയൂർ ഓടിവരുന്നതും ശ്രദ്ധയിൽപ്പെട്ട വിനോദ് ഉദ്യാൻ എക്സ്‌പ്രസിന്റെ വേഗം കുറച്ചു. പുണെയിൽവെച്ചാണ് ഈ തീവണ്ടിയുടെ ലോക്കോപൈലറ്റായി കയറുന്നത്. കൂടെ ഒരു അസിസ്റ്റന്റ് ലോക്കോ പൈലറ്റുമുണ്ടായിരുന്നു. വാംഗനി സ്റ്റേഷൻ പരിധിയിൽ ട്രെയിനിന്റെവേഗത മണിക്കൂറിൽ 100-105 കിലോമീറ്ററായിരിക്കും. സ്റ്റേഷനെത്തുന്നതിന് മുമ്പ് വലിയൊരു വളവുള്ളതിനാൽ സ്റ്റേഷനും പ്ലാറ്റ്ഫോമും വ്യക്തമായി കാണാനാകും.

‘വാംഗനി സ്റ്റേഷനിലെത്തുന്നതിന് മുമ്പ് കാഴ്ചപരിമിതിയുള്ള യുവതി നടന്നുവരുന്നതും കുട്ടിവീഴുന്നതും സിഗ്നൽ മാൻ ചുവന്ന കൊടി വീശുന്നതും വ്യക്തമായികണ്ടു. സെക്കൻഡുകൾ താമസിയാതെ സഡൻ ബ്രേക്കിടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ട്രെയിനിനുനേരെ പോയന്റ്മാൻ ഓടിവരുന്നതും കണ്ടിരുന്നു. അദ്ദേഹത്തിന്റെ ധീരത അംഗീകരിച്ച് നൽകണം, മറ്റാർക്കും അത് ചെയ്യാനാകില്ല’ -വിനോദ് പറഞ്ഞു. നീളവും വേഗതയും കണക്കാക്കുമ്പോൾ എത്ര സഡൻ ബ്രേക്കിട്ടാലും തീവണ്ടി പിടിച്ചുനിർത്താൻ കഴിയില്ലെന്ന് അറിയാം. എന്നാൽ 110 കിലോമീറ്ററിൽനിന്ന് 85-ലേക്ക് എത്തിക്കാൻ കഴിഞ്ഞു. പ്ലാറ്റ്‌ഫോം മുറിച്ചുകടക്കുമ്പോൾ 85 കിലോമീറ്റർ വേഗതയിലായിരുന്നു തീവണ്ടി.

പാരിതോഷികത്തിൽ പകുതി അമ്മയ്ക്കും കുഞ്ഞിനും

റെയിൽവേ സമ്മാനിച്ച പാരിതോഷികമായ അരലക്ഷം രൂപയിൽ പകുതി തുക, ട്രാക്കിൽ വീണുപോയ ബാലനും അവന്റെ കാഴ്ചപരിമിതിയുള്ള അമ്മയ്ക്കും നൽകുമെന്ന് മയൂർ ഷെൽക്കെ. സാമൂഹിക മാധ്യമങ്ങളിൽ ഈ തീരുമാനം കൈയടിയോടെയാണ് സ്വീകരിച്ചത്. ‘കോവിഡിന്റെ പ്രയാസമേറിയ സാഹചര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഈ സന്ദർഭത്തിൽ എനിക്ക് പണമായി സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ ചെക്കായി നൽകിയാൽ അത് ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവർക്കും കൈമാറും’- ഷെൽക്കെ പറഞ്ഞു.