ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നേടിയ റഷ്യയുടെ സ്പുട്നിക് വാക്സിന്റെ വിലയിൽ അന്തിമ തീരുമാനമായില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. വാക്സിന് 750 രൂപ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം ഡോ. റെഡ്ഡീസ് കമ്പനി സഹചെയർമാനും മേധാവിയുമായ ജി.വി. പ്രസാദം പറഞ്ഞിരുന്നു

സ്പുട്‌നിക് വാക്സിന്റെ ആഗോള വില ഒരു ഡോസിന് 750 രൂപ(10 യു.എസ്. ഡോളർ)യാണെങ്കിലും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഡോസുകളുടെ വിലയെക്കുറിച്ച് തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. ഇറക്കുമതിയുടെ തുടക്കത്തിൽ സ്വകാര്യമേഖലയ്ക്ക് മാത്രമാവും വാക്സിൻ ലഭ്യമാക്കുക. ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയശേഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും വാക്സിൻ രാജ്യത്തെ പൊതുവിപണിയിൽ ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുന്നതോടെ വാക്സിന്റെ വില കുറയുമെന്നും അദ്ദേഹം അറിയിച്ചു. മേയ് അവസാനത്തോടെ വാക്സിൻ ഇന്ത്യയിലെത്തും.