ബെംഗളൂരു: കർണാടകത്തിലെ കൊപ്പാൾ മിയപുര ഗ്രാമത്തിൽ ദളിത് വിഭാഗത്തിൽപെട്ട രണ്ടുവയസ്സുകാരൻ ക്ഷേത്രത്തിനുള്ളിൽ കയറി പ്രാർഥിച്ചതിന് രക്ഷിതാക്കൾക്ക് 23,000 രൂപ പിഴ ചുമത്തി ക്ഷേത്രഭാരവാഹികൾ. കുട്ടി ക്ഷേത്രത്തിനുള്ളിൽ കയറിയതോടെ അശുദ്ധമായെന്നും ശുദ്ധികലശത്തിന് ആവശ്യമായി വന്ന തുകയാണ് പിഴയിനത്തിൽ ഈടാക്കുന്നതെന്നുമായിരുന്നു ക്ഷേത്രസമിതിയുടെ വാദം.

ദളിത് വിഭാഗത്തിൽപെട്ടവരെ ക്ഷേത്രത്തിനുള്ളിൽ കയറാൻ മറ്റ് വിഭാഗത്തിലുള്ളവർ അനുവദിക്കാത്ത ഗ്രാമങ്ങളിലൊന്നാണിത്. പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിനെത്തുടർന്ന് പിഴ പിൻവലിച്ചെങ്കിലും കടുത്ത ജാതി വിവേചനം നിലനിൽക്കുന്ന ഗ്രാമത്തിൽ ബോധവത്കരണം നടത്താൻ സാമൂഹികക്ഷേമ വകുപ്പ് തീരുമാനിച്ചു.

ഈമാസം നാലിനാണ് ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടി തൊഴാനെത്തിയത്. കുട്ടിയുടെ പിറന്നാൾ ദിനമായിരുന്നു അന്ന്. രക്ഷിതാക്കൾ പുറത്തുനിന്ന് തൊഴുന്നതിനിടെ കുട്ടി ക്ഷേത്രത്തിനുള്ളിൽ കയറി പ്രാർഥിച്ചു. ഇതു കണ്ട ക്ഷേത്രസമിതി ഭാരവാഹികൾ ക്ഷേത്രം അശുദ്ധമായെന്ന് പ്രചരിപ്പിച്ചു. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായത്തിന്റെ യോഗംവിളിച്ച് ശുദ്ധികലശത്തിനുള്ള തുക കുട്ടിയുടെ രക്ഷിതാക്കളിൽനിന്ന് ഈടാക്കാൻ തീരുമാനിക്കുകയായിരുന്നു.

സാമൂഹികമാധ്യമങ്ങളിൽ സംഭവം പ്രചരിച്ചതോടെ തിങ്കളാഴ്ചയാണ് പോലീസും സാമൂഹിക ക്ഷേമവകുപ്പും പ്രശ്നത്തിൽ ഇടപെട്ടത്. ഉദ്യേഗസ്ഥരെത്തിയിട്ടും ആദ്യഘട്ടത്തിൽ ക്ഷേത്രസമിതി പിഴ പിൻവലിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് മുഴുവൻ ഭാരവാഹികൾക്കെതിരെയും കേസെടുക്കുമെന്ന് അറിയിച്ചതോടെയാണ് പിഴ പിൻവലിക്കാൻ തയ്യാറായത്. കുട്ടിയുടെ രക്ഷിതാക്കളോട് ക്ഷേത്രഭാരവാഹികൾക്കെതിരേ പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഇതിന് തയ്യാറായില്ലെന്ന് കൊപ്പാൾ എസ്.പി. ടി. ശ്രീധർ പറഞ്ഞു. അതേസമയം പോലീസും ഉദ്യോഗസ്ഥരും സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണവും ശക്തമാണ്. ക്ഷേത്രഭാരവാഹികൾക്കെതിരേ നടപടി സ്വീകരിക്കുന്നതിനുപകരം പ്രശ്നം ഒത്തുതീർപ്പാക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.