ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഉറിയിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന സംശയത്തെത്തുടർന്ന് ആരംഭിച്ച തിരച്ചിൽ മൂന്നാം ദിവസമായ ചൊവ്വാഴ്ചയും തുടർന്നു. മുൻകരുതൽ നടപടിയായി ഉറിയിലെ എല്ലാ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ റദ്ദാക്കി.

നിയന്ത്രണരേഖയോടു ചേർന്നുള്ള വേലിക്കടുത്ത് നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികനു പരിക്കേറ്റതിനെ തുടർന്നാണ് സൈന്യം തിരച്ചിൽ ശക്തമാക്കിയത്. ഇതുവരെ നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയോ എന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. 2016 സെപ്റ്റംബറിൽ ഉറിയിൽ ഭീകരാക്രമണമുണ്ടായ സ്ഥലത്തിനടുത്താണ് ഇപ്പോൾ ഭീകരരുടെ സാന്നിധ്യം സംശയിക്കുന്നത്.