മുംബൈ: മുഖംമൂടി സംഘത്തിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി എന്ന പരാതിയുമായി നടി പായൽ ഘോഷ്. സംവിധായകൻ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വാർത്തകളിൽ നിറഞ്ഞയാളാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാവിഭാഗം നേതാവുകൂടിയായ പായൽ.

കഴിഞ്ഞദിവസം ആക്രമണം നേരിട്ടകാര്യം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി വെളിപ്പെടുത്തിയത്. രാത്രി മരുന്നുവാങ്ങി മടങ്ങുംവഴി കാറിലിരിക്കുകയായിരുന്ന തന്നെ മുഖംമൂടിധരിച്ച ഒരുസംഘം ആക്രമിക്കുകയായിരുന്നെന്ന് അവർ പറയുന്നു. വടികൊണ്ടുള്ള അടിയേറ്റ് കൈയ്ക്ക് പരിക്കു പറ്റി. അക്രമികളുടെ കൈയിൽ ഒരു കുപ്പിയുണ്ടായിരുന്നെന്നും അതിൽ ആസിഡായിരുന്നെന്ന് കരുതെന്നും അവർ പറഞ്ഞു.

മുംബൈയിൽനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും പോലീസിൽ പരാതി നൽകുമെന്നും പായൽ പറഞ്ഞു.

ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമായി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള പായൽ ഘോഷ് കഴിഞ്ഞവർഷം കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ളെയുടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നിരുന്നു. പാർട്ടിയുടെ വനിതാവിഭാഗം വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുകയും ചെയ്തു. സംവിധായകൻ അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുപറഞ്ഞ് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. ആരോപണം കശ്യപ് നിഷേധിച്ചു. ഈ ആരോപണത്തിലേക്ക് തന്റെ പേരുകൂടി വലിച്ചിഴച്ചതിന് നടി റിച്ചാ ഛദ്ദ പായലിനെതിരേ കേസുകൊടുക്കുകയും പായൽ റിച്ചയോട് മാപ്പു പറയുകയും ചെയ്തിരുന്നു.