വിശാഖപട്ടണം: അപകടത്തിൽ രണ്ടു പെൺമക്കളെ നഷ്ടപ്പെട്ട ദമ്പതിമാർക്ക് രണ്ടുവർഷത്തിനപ്പുറം അതേദിവസം ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ അപ്പല രാജുവിനും ഭാഗ്യലക്ഷ്മിക്കുമാണ് കണ്ണീരോർമനാളിൽ ഈ സൗഭാഗ്യം. ഗോദാവരി നദിയിലെ ബോട്ടപകടത്തിലാണ് ഇവരുടെ മൂന്നും ഒന്നും വയസ്സുള്ള പെൺകുട്ടികൾ മരിച്ചത്. നിയോഗംപോലെ അതേദിനത്തിൽ രണ്ടുപെൺകുഞ്ഞുങ്ങൾ ജനിച്ചത് ദൈവത്തിൻറെ അനുഗ്രഹമാണെന്നാണ് ദമ്പതിമാർ പറയുന്നത്.

‘കുഞ്ഞുങ്ങൾക്ക് അവരുടെ മൂത്ത സഹോദരങ്ങളുടെ അതേ ഛായയാണ്. രണ്ട് കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഒരുപാട് സന്തോഷത്തിലാണ് ഞങ്ങളിപ്പോൾ’ -ഭാഗ്യലക്ഷ്മി പറഞ്ഞു.

2019 സെപ്റ്റംബർ 15-ന് ഭദ്രാചലത്തിലെ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള തീർഥയാത്രയ്ക്കിടെയായിരുന്നു ബോട്ടപകടം. ദേഹാസ്വസ്ഥ്യം കാരണം അവസാന നിമിഷം യാത്ര റദ്ദാക്കിയ ദമ്പതിമാർ മക്കളെ ബന്ധുക്കൾക്കൊപ്പം അയക്കുകയായിരുന്നു. ചുഴലിക്കാറ്റിൽപ്പെട്ട് ഡബിൾഡെക്കർ ബോട്ട് മറിഞ്ഞു മരിച്ച അമ്പതോളംപേരിൽ ഇവരുടെ കുടുംബാംഗങ്ങളായ പത്തുപേരുമുൾപ്പെട്ടു.