ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ.) പ്രവേശനപരീക്ഷയിൽ വനിതകളെയും പങ്കെടുപ്പിക്കുന്നകാര്യത്തിൽ അടുത്ത മേയിൽ വിജ്ഞാപനമിറക്കുമെന്ന് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. എൻ.ഡി.എ.യിൽ വനിതകൾക്കുള്ള പാഠ്യ, പരിശീലന പദ്ധതി തയ്യാറാക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

കായികക്ഷമതാപരിശീലനത്തിലും വെടിവെപ്പ് ഉൾപ്പെടെയുള്ള സർവീസ് വിഷയങ്ങളിലും എന്തെങ്കിലും ഇളവുവരുത്തുന്നത് സൈന്യത്തിന്റെ യുദ്ധശേഷിയെ ബാധിക്കും. അതിനാൽ വനിതകൾക്കുവേണ്ടിയും അതെല്ലാം തയ്യാറാക്കണം. വനിതകൾക്ക് പ്രത്യേക താമസസൗകര്യം, സ്വകാര്യത സംരക്ഷിക്കുന്ന ശൗചാലയങ്ങൾ എന്നിവയും ആവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

എൻ.ഡി.എ.യിൽ വനിതകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാമെന്നും കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ നിർദേശത്തിനു കാത്തുനിൽക്കാതെ ലിംഗസമത്വം നടപ്പാക്കുന്നതിൽ പുരോഗമനപരമായ നിലപാട് സ്വീകരിക്കാൻ സേനകൾ തയ്യാറാവുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തു. യോഗ്യരായ വനിതകൾക്ക് എൻ.ഡി.എ. പരീക്ഷയിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. പരീക്ഷാഫലം സുപ്രീംകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും അന്ന് വ്യക്തമാക്കി.

സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണെന്നുകാട്ടി അഡ്വ. കുശ് കാൽറ നൽകിയ ഹർജിയിലാണ് നടപടി. പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള അവിവാഹിതരായ പുരുഷൻമാർക്കാണ് എൻ.ഡി.എ.യിലും നേവൽ അക്കാദമി പരീക്ഷയിലും നിലവിൽ അവസരമുള്ളത്. 15-18 വയസ്സ് പ്രായമുള്ളവർക്കാണ് പരീക്ഷയെഴുതാൻ അവസരം. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 19 മുതൽ 22 വയസ്സിനിടെ അവർക്ക് സ്ഥിരം കമ്മിഷൻപദവി ലഭിക്കും.

താത്പര്യവും യോഗ്യതയുമുണ്ടായിട്ടും സ്ത്രീകളെ വിലക്കുന്നതാണ് ഹർജിയിൽ ചോദ്യംചെയ്തത്. സൈന്യത്തിൽ സ്ത്രീകൾക്ക് സ്ഥിരംകമ്മിഷൻ പദവി അനുവദിക്കാൻ കഴിഞ്ഞവർഷം സുപ്രീംകോടതി വിധിച്ചിരുന്നു.