മുംബൈ: മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ 17 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചതായി ആദായനികുതി വകുപ്പ് അധികൃതർ വെളിപ്പെടുത്തി. നാഗ്പുർ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ 30 സ്ഥാപനങ്ങളിൽ സെപ്റ്റംബർ 17-ന് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു.

വിദ്യാഭ്യാസം, കാർഷികാനുബന്ധ വ്യവസായം, വെയർഹൗസിങ് തുടങ്ങി വിപുലമായ മേഖലകളിൽ സംരംഭങ്ങളുള്ള ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ദേശ്‌മുഖിന്റെ പേരെടുത്തുപറയാതെ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

ഇവർ കണക്കിൽപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകൾ നടത്തിയതായും ചെലവുകൾ പെരുപ്പിച്ചു കാണിച്ചതായും വ്യാജ സംഭാവനാ രശീതികൾ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിലേക്ക് ഡൽഹിയിലെ ചില കമ്പനികളിൽനിന്ന് സംഭാവനകൾ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ട്രസ്റ്റിന്റെ കീഴിലുള്ള മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളച്ചെലവ് പെരുപ്പിച്ചു കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് പണം നൽകുന്നുണ്ടെങ്കിലും അത് കണക്കിൽ കാണിച്ചിട്ടില്ല. നികുതി വെട്ടിക്കുന്നതിനായി മൊത്തം 17 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചിട്ടുണ്ട്.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാമാസവും 100 കോടി രൂപ വീതം പിരിച്ചു നൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ.യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരുകയാണ്. ദേശ്‌മുഖുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിൽ സച്ചിൻ വാസേയടക്കം 14 പേർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദേശ്‌മുഖിന്റെ പേര് കുറ്റപത്രത്തിൽ ഇല്ല. വാസേയിൽ നിന്ന് ദേശ്‌മുഖ് 4.7 കോടി രൂപ കൈപ്പറ്റിയതായാണ് പ്രഥമ ദൃഷ്ട്യായുള്ള സൂചനയെന്ന് കുറ്റപത്രം പരിശോധിച്ച കോടതി നിരീക്ഷിച്ചിരുന്നു.