മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ നേരിൽക്കാണാൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ജയിലിലെത്തി. വ്യാഴാഴ്ച രാവിലെ 9.30-നാണ് ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് മകനെ കണ്ടത്. അറസ്റ്റിലായശേഷം ആദ്യമായാണ് ഇരുവരും നേരിട്ടുകാണുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻഖാൻ ജയിലിലാണ്.

കോവിഡ് നിയന്ത്രണത്തിൽ മഹാരാഷ്ട്രാ സർക്കാർ ഇളവുവരുത്തിയതോടെയാണ് ഷാരൂഖ് ആര്യനെ കാണാൻ ജയിലിലെത്തിയത്. 20 മിനിറ്റോളം അദ്ദേഹം ജയിലിൽ ചെലവിട്ടതായി അർതർ റോഡ് ജയിൽ അധികൃതർ പറഞ്ഞു. ഗ്ലാസ് മറയ്ക്ക് അപ്പുറത്തും ഇപ്പുറത്തുംനിന്നാണ് ഇരുവരും ഇൻർകോമിലൂടെ സംസാരിച്ചത്. നാലു പോലീസുകാർ ഇരുവരുടെയും സംഭാഷണങ്ങൾക്ക് സാക്ഷിയായി.

മകനെ മൂന്നാഴ്ചയ്ക്കുശേഷം കണ്ട ഷാരൂഖ് തന്റെ വിഷമം അടക്കിപ്പിടിച്ചാണ് സംസാരിച്ചത്. ആരോഗ്യവിവരങ്ങൾ മാത്രമാണ് മുഖ്യമായും സംസാരിച്ചത്. ഷാരൂഖിനെ വിഷമത്തോടെയാണ് ആര്യൻഖാൻ നേരിട്ടത്. ജയിൽ ചട്ടങ്ങളിൽ കവിഞ്ഞൊന്നും ഷാരൂഖ്‌ ഖാന് ജയിൽ അധികൃതർ അനുവദിച്ചിരുന്നില്ലെന്നും ആർതർ റോഡ് ജയിൽ വൃത്തങ്ങൾ വ്യക്തമാക്കി.

ആര്യൻഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻ.ഡി.പി.എസ്. സെഷൻസ് കോടതി ബുധനാഴ്ച തള്ളിയിരുന്നു. ഒക്ടോബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയും ചെയ്തു. ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഹർജിയുടെ പകർപ്പുകിട്ടാത്ത സാഹചര്യത്തിൽ കേസ് മാറ്റിവെക്കണമെന്ന് എൻ.സി.ബി. കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പകർപ്പ് മെയിലിൽ എൻ.സി.ബി.ക്ക് നൽകിയിട്ടുണ്ടെന്നും കോപ്പി നേരിട്ട് എൻ.സി.ബി.ക്ക് നൽകുമെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ സതീഷ് മാനെ ഷിൻന്ദെ പറഞ്ഞു.