ചെന്നൈ: എ.ഐ.എ.ഡി.എം.കെ.യിലേക്കുള്ള തിരിച്ചുവരവിനുള്ള പുതിയ നീക്കവുമായി ശശികല. തെക്കൻ ജില്ലകളിൽ പര്യടനവും പ്രവർത്തകരുമായി കൂടിക്കാഴ്ചയും നടത്താൻ ശശികല തീരുമാനിച്ചു. ആദ്യഘട്ടത്തിൽ തഞ്ചാവൂർ, തിരുനെൽവേലി, രാമനാഥപുരം ജില്ലകളിലാണ് സന്ദർശനം. ഈ മാസം 28-ന് യാത്ര തുടങ്ങും. പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നതും ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്നതും തടയുന്നതിന് എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക നേതൃത്വം നിയമനടപടിക്ക്‌ ഒരുങ്ങുമ്പോഴാണ് ശശികല പര്യടനം നടത്തുന്നത്. അനന്തരവനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരന്റെ മകളുടെ വിവാഹവിരുന്നിൽ പങ്കെടുക്കാൻ 26-ന് തഞ്ചാവൂരിൽ പോകുകയാണ് ശശികല. തുടർന്നാണ് 28 മുതൽ രാഷ്ട്രീയ യോഗങ്ങളും പര്യടനവും നടത്തുന്നത്.

28-ന് തിരുെനൽവേലിയിലും 29-ന് രാമനാഥപുരത്തും പാർട്ടി പ്രവർത്തകരും തന്നെ അനുകൂലിക്കുന്ന പ്രാദേശിക നേതാക്കളുമായും ശശികല കൂടിക്കാഴ്ച നടത്തും. നവംബർ ഒന്നിന് തഞ്ചാവൂരിലും ശശികല അണികളുമായി കൂടിക്കാഴ്ച നടത്തും.