ന്യൂഡൽഹി: അടിസ്ഥാനസൗകര്യവികസന പദ്ധതിയായ പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർപ്ലാനിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അംഗീകാരം നൽകി. ത്രിതലസംവിധാനം പദ്ധതികൾക്ക് മേൽനോട്ടം വഹിക്കും. വിവിധ മന്ത്രാലയങ്ങളിലെ നെറ്റ്‌വർക്ക്‌ പ്ലാനിങ് ഡിവിഷൻ മേധാവികളടങ്ങുന്ന ഗ്രൂപ്പിനും രൂപംനൽകും.

പദ്ധതിനടത്തിപ്പ്, നിരീക്ഷണം, വിവിധ തരത്തിലുള്ള ശൃംഖലകളെ പിന്തുണയ്ക്കുന്ന സംവിധാനം എന്നിവ സംബന്ധിച്ചാണ് തീരുമാനമെടുത്തത്. നടത്തിപ്പിന് ആവശ്യമുള്ള സെക്രട്ടറിതല ഉന്നതതലസമിതി, നെറ്റ്‌വർക്ക്‌ പ്ലാനിങ് ഗ്രൂപ്പ്, സാങ്കേതികസഹായം നൽകുന്നതിനുള്ള സമിതി എന്നിവ രൂപവത്‌കരിക്കാൻ തീരുമാനമായതായി മന്ത്രിസഭാതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായി രൂപവത്‌കരിച്ച സെക്രട്ടറിതല സമിതിയിൽ 18 സെക്രട്ടറിമാർ അംഗങ്ങളാണ്. പദ്ധതിയുടെ നടത്തിപ്പിന് പ്രധാനമായും മേൽനോട്ടം വഹിക്കുന്നത് ഈ സമിതിയാണ്. ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പിൽ വ്യോമയാനം, പൊതുഗതാഗതം, റെയിൽ, റോഡ്, ഹൈവേ, തുറമുഖങ്ങൾ എന്നിവയുടെ പ്രതിനിധികളുണ്ടാകും.