ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് ദീർഘകാലം സ്കൂളുകൾ അടച്ചിട്ടത് കുട്ടികളുടെ പഠനത്തിനു മാത്രമല്ല ലിംഗസമത്വത്തിനുതന്നെ ഭീഷണിയായെന്ന് യുനെസ്‌കോ. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് 190 രാജ്യങ്ങളിലെ 160 കോടി വിദ്യാർഥികളെ സ്കൂൾഅടച്ചിടൽ ബാധിച്ചു. പലർക്കും പഠിക്കാനായില്ല, ചിലർ പഠനംതന്നെ അവസാനിപ്പിച്ചുവെന്ന് 90 രാജ്യങ്ങളിൽനിന്നുള്ള വിശദമായ രേഖകൾ നിരത്തി യുനെസ്കോ പറയുന്നു.

“വിദ്യാഭ്യാസം താറുമാറായെന്നു മാത്രമല്ല, സ്കൂളിൽ പോകുന്നതുവഴി ലഭിക്കുന്ന ഒട്ടേറെ നേട്ടങ്ങളും നഷ്ടപ്പെട്ടു. ആരോഗ്യം, ക്ഷേമം, ലിംഗസമത്വം എന്നിവയ്ക്ക് ഇത് ഭീഷണി ഉയർത്തുന്നു”വെന്ന് യുനെസ്കോ വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സ്റ്റെഫാനിയ ജിയാനിനി പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾ കൂടുതൽ സമയം വീട്ടുജോലി ചെയ്യാൻ നിർബന്ധിതരായി. ആൺകുട്ടികൾക്ക് വരുമാനമുണ്ടാക്കാനുള്ള ജോലികൾ ചെയ്യേണ്ടിവന്നു. ഇന്റർനെറ്റ് ലഭ്യമാകുന്ന ഫോണുകളുടെയും മറ്റുപകരണങ്ങളുടെയും ലഭ്യത കുറവായതിനാൽ പെൺകുട്ടികൾക്ക് പഠനം പ്രയാസമായി. ഇവ ഉപയോഗിക്കുന്നതിന് പലയിടത്തും പെൺകുട്ടികൾക്കുള്ള വിലക്കും വിദ്യാഭ്യാസം അവതാളത്തിലാക്കി.

പാകിസ്താനിൽ പഠനം നടത്തിയ ജില്ലകളിൽ 44 ശതമാനം പെൺകുട്ടികൾക്കേ സ്വന്തമായി മൊബൈൽഫോൺ ഉള്ളൂ. എന്നാൽ, 93 ശതമാനം ആൺകുട്ടികൾക്ക് സ്വന്തം മൊബൈൽഫോണുണ്ട്.

സ്കൂൾ തുറക്കുന്നതു വൈകിയാൽ പെൺകുട്ടികൾക്കുള്ള നഷ്ടം ഇതിലും വലുതാകും. പഠിക്കാനേ സാധിച്ചിട്ടില്ലാത്ത പെൺകുട്ടികളുടെ എണ്ണം 2020 ഏപ്രിൽ-സെപ്റ്റംബർ കാലത്ത് ഒരുശതമാനത്തിൽനിന്ന് 10 ശതമാനമായി ഉയർന്നെന്നും പഠനം പറയുന്നു.