ന്യൂഡൽഹി: മണൽത്തിട്ടകൾ പരമ്പരാഗത രീതിയിൽ നീക്കുന്നതിന് തീരദേശവാസികളെ അനുവദിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ ശുപാർശ. 2019-ലെ തീരദേശപരിപാലന നിയമത്തിൽ ഭേദഗതികൾ നിർദേശിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടു വിജ്ഞാപനത്തിലാണ് നിർദേശം.

മത്സ്യബന്ധന ആവശ്യങ്ങൾക്കായി തീരപ്രദേശത്ത് നിർമിക്കുന്ന താത്കാലിക ഷെഡ്ഡുകളും കുടിലുകളും മൺസൂൺ കാലത്തും തുടരാമെന്നും വ്യവസ്ഥയുണ്ട്. എണ്ണ പര്യവേക്ഷണത്തിനുള്ള ഖനനങ്ങൾക്ക് മുൻകൂർ അനുമതി വേണ്ടെന്നും കരടുവിജ്ഞാപനം ശുപാർശചെയ്യുന്നു.

നിശ്ചിത പ്രദേശങ്ങളിൽ നിശ്ചിത സമയം നിർദിഷ്ട അളവിൽ യന്ത്രങ്ങളുപയോഗിക്കാതെ മണൽവാരാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകാം. മണൽവാരുന്ന തീരദേശവാസികൾ ഇതിനായി പേര് രജിസ്റ്റർചെയ്യുകയും വർഷംതോറും രജിസ്‌ട്രേഷൻ പുതുക്കുകയും വേണം.

മറ്റു ശുപാർശകൾ

* തീരദേശപരിപാലന നിയമത്തിലെ ഒന്നാം വിഭാഗത്തിലും നാലാം വിഭാഗത്തിലും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ചെറിയ ജെട്ടികൾ, ബോട്ടുകൾ വെള്ളത്തിലിറക്കാൻ ഉണ്ടാക്കുന്ന ക്രമീകരണങ്ങൾ, മണ്ണൊലിപ്പ് തടയാനുണ്ടാക്കുന്ന താത്കാലിക ബണ്ടുകൾ, തീരസംരക്ഷണത്തിനുള്ള ചെറുകിട നിർമാണങ്ങൾ എന്നിവയ്ക്കുള്ള അനുമതിയിൽ ഇളവു നൽകണം

* എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനവും കൈകാര്യംചെയ്യലും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കണം.

പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

കരടു വിജ്ഞാപനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് 60 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങൾ പരിശോധിച്ചശേഷമായിരിക്കും അന്തിമ വിജ്ഞാപനമിറക്കുക. 2019 ജനവരി 18-നാണ് തീരദേശപരിപാലന നിയമം പുതുക്കിയത്. എന്നാൽ, തീരപ്രദേശങ്ങളിൽ ചെറുകിട നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുന്നത് അവിടെ താമസിക്കുന്നവരെ ബാധിക്കുന്നതായി തീരദേശസംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ഭേദഗതിക്ക് ഒരുങ്ങുന്നത്.

സംസ്ഥാന സർക്കാരുകൾ, പെട്രോളിയം മന്ത്രാലയം, ദേശീയ തീരദേശ സോൺ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുടെ അഭിപ്രായങ്ങൾ അനുസരിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.