മുംബൈ: മഹാരാഷ്ട്രയിൽ 15,260 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന 26 പദ്ധതികൾക്ക് ദുബായ് എക്സ്പോയിൽ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (എം.ഐ.ഡി.സി.) ധാരണാപത്രം ഒപ്പുവെച്ചു. 10,216 തൊഴിലവസരങ്ങളാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. വാഹനം, വാഹന ഘടകങ്ങൾ, ലോജിസ്റ്റിക്സ്, ഓക്സിജൻ ഉത്പാദനം, വൈദ്യുതവാഹനം, തുണി വ്യവസായം, ഡേറ്റ സെന്റർ, ഫാർമ, ജൈവ ഇന്ധനം, എണ്ണ - വാതകം തുടങ്ങിയ മേഖലകളിലാണ് പദ്ധതികൾ. ജപ്പാൻ, സിങ്കപ്പൂർ, സ്വീഡൻ, കൊറിയ, ജർമനി, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള കമ്പനികളാണ് രംഗത്തുള്ളത്.

മിത്‌സുബിഷി ബെൽറ്റിങ്, റിലയൻസ് ലൈഫ് സയൻസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കാരവൻ ലോജിസ്റ്റിക്സ്, കൈനറ്റിക് ഗ്രീൻ എനർജി, ഗ്ലെൻ മാർക്ക് ലൈഫ് സയൻസസ്, ഹ്യോസങ്, അൽടാസ് കോപ്കോ, ടി.ഡി.കെ. കോർപ്പറേഷൻ, തുടങ്ങിയ കമ്പനികളാണ് പദ്ധതികളുമായി മുന്നോട്ടുവന്നിട്ടുള്ളതെന്ന് ദുബായ് എക്സ്പോയിൽ മഹാരാഷ്ട്ര സർക്കാരിനെ പ്രതിനിധാനംചെയ്യുന്ന സംഘത്തിന് നേതൃത്വംനൽകുന്ന വ്യവസായമന്ത്രി സുഭാഷ് ദേശായ് വ്യക്തമാക്കി. മഹാ വികാസ് അഘാഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം എം.ഐ.ഡി.സി. ഇതുവരെ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികൾക്ക് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.