ന്യൂഡൽഹി: ഓക്സിജൻ ക്ഷാമംമൂലം കോവിഡ് മരണമുണ്ടായിട്ടില്ലെന്ന് പാർലമെന്റിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ നടത്തിയ പ്രസ്താവനയെ ന്യായീകരിച്ച് ബി.ജെ.പി.

സംസ്ഥാന സർക്കാരുകളോ കേന്ദ്രഭരണപ്രദേശങ്ങളോ ഇങ്ങനെ മരണമുണ്ടായതായി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ബി.ജെ.പി. ദേശീയ വക്താവ് സാംബിത് പത്ര പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. വീഴ്ചവരുത്തിയത് സംസ്ഥാന സർക്കാരുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർലമെന്റിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച കണക്ക് കേന്ദ്രം ശേഖരിച്ചതല്ല. അത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയതാണ്. ആ കണക്കുകളിൽ ഓക്സിജൻ ക്ഷാമംമൂലം മരിച്ചവരുടെ വിവരങ്ങളില്ല. ഇത്തരത്തിൽ റിപ്പോർട്ട് നൽകിയതിന് കേന്ദ്രത്തെയല്ല, സംസ്ഥാന സർക്കാരുകളെയാണ് പ്രതിപക്ഷം കുറ്റപ്പെടുത്തേണ്ടതെന്ന് സാംബിത് പത്ര പറഞ്ഞു.

കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.