ന്യൂഡൽഹി: പതിറ്റാണ്ടുകളായുള്ള ഭൂമിതർക്കക്കേസ് സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത് കാണാനാവാതെ 108-കാരൻ വിടചൊല്ലി. കഴിഞ്ഞയാഴ്ചയാണ് സംഭവം. 1968 മുതൽ വിവിധ കോടതികളിൽ നടക്കുന്ന കേസ് ഈമാസം 12-ന് സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപാണ് മഹാരാഷ്ട്ര സ്വദേശിയായ സോപാൻ നരസിംഹ ഗെയ്ക്‌വാദ് മരിച്ചത്. അന്നത്തെ വാദം പൂർത്തിയായശേഷമാണ് തന്റെ കക്ഷിയുടെ മരണം അഭിഭാഷകൻ അറിഞ്ഞത്.

ബോംബെ ഹൈക്കോടതിയിൽമാത്രം 27 വർഷമാണ് ഭൂമിതർക്ക കേസ് കെട്ടിക്കിടന്നത്. 2015-ലും 2019-ലും ഗെയ്ക്‌വാദിനെതിരായി ഹൈക്കോടതിയുടെ ഉത്തരവുകളുണ്ടായി. വിദൂരഗ്രാമത്തിൽ താമസിക്കുന്ന ഗെയ്ക്‌വാദ് കേസിന്റെ വിവരങ്ങളറിയാൻ താമസിച്ചതിനാൽ സുപ്രീംകോടതിയെ സമീപിക്കാൻ വൈകി. ഒടുവിൽ ഈമാസം 12-ന് സുപ്രീംകോടതി കേസ് കേൾക്കാൻ സമ്മതിച്ചപ്പോഴാവട്ടെ അതിന് കാത്തുനിൽക്കാതെ അദ്ദേഹം ലോകത്തോടുതന്നെ വിടപറഞ്ഞു. ഗെയ്ക്‌വാദിന്റെ നിയമപരമായ പിന്തുടർച്ചക്കാരൻ ഇനി കേസ് നടത്തുമെന്ന് അഭിഭാഷകൻ വിരാജ് കദം അറിയിച്ചു.

1968-ലെ ഭൂമി വാങ്ങലുമായി ബന്ധപ്പെട്ടാണ് കേസ്. ബാങ്കിൽ പണയത്തിലിരിക്കുന്ന ഭൂമിയാണ് താൻ വാങ്ങിയതെന്ന് ഗെയ്ക്‌വാദ് പിന്നീട് മനസ്സിലാക്കി. ആദ്യ ഉടമ വായ്പ തിരിച്ചടയ്ക്കാൻ വൈകിയപ്പോൾ ഗെയ്ക്‌വാദിന് ബാങ്ക് നോട്ടീസയച്ചു. വിചാരണക്കോടതി ഗെയ്ക്‌വാദിന് അനുകൂലമായി വിധിച്ചെങ്കിലും അതിനെതിരേ സ്ഥലത്തിന്റെ ആദ്യ ഉടമ നൽകിയ അപ്പീൽ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരേയാണ് ഗെയ്ക്‌വാദ് സുപ്രീംകോടതിയിലെത്തിയത്.