മുംബൈ: ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളും തത്ത്വചിന്തയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാനും ഗവേഷണ വിഷയമായി അംഗീകരിക്കുന്നതിനും മുംബൈ സർവകലാശാലയിൽ ധാരണയായി. ഇതുസംബന്ധിച്ച് യൂണിവേഴ്‌സൽ കോൺഫറഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനും മുംബൈ സർവകലാശാലയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു.
ഇന്ത്യയിൽത്തന്നെ ആദ്യമായി നടക്കുന്ന ഈ സംരംഭത്തിന് കാർമികത്വം വഹിക്കാൻ ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ എത്തിയിരുന്നു. മുംബൈ സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര കുൽകർണി, ഫിലോസഫി വിഭാഗം തലവൻ പ്രൊഫ. നാരായൺ ഗഡാ ഡെ, ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എൻ. ശശിധരൻ, ചെയർമാൻ എം.ഐ. ദാമോദരൻ, വൈസ് ചെയർമാൻ മോഹൻദാസ്, ജനറൽ സെക്രട്ടറി സെക്രട്ടറി എൻ.എസ്. സലിംകുമാർ, കോൺഫെഡറേഷനെ പ്രതിനിധാനംചെയ്ത് ഓർഗനൈസേഷൻ പ്രസിഡന്റ് വി.കെ. മുഹമ്മദ്, ടി.എസ്. ഹരീഷ്‌കുമാർ, പി.എൻ. മുരളീധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
യൂണിവേഴ്‌സൽ കോൺഫറഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനും മുംബൈ ശ്രീനാരായണ മന്ദിരസമിതിയും മുംബൈ സർവകലാശാലയുമായി നിരന്തരമായി നടത്തിയ ചർച്ചകളിലൂടെയാണ് ഇത്തരം ഒരു സംരംഭത്തിന് വഴിയൊരുങ്ങിയത്. ശ്രീനാരായണ പ്രസ്ഥാനത്തിന് നൽകാവുന്ന ഏറ്റവുംവലിയ ഗുരുദക്ഷിണയാണിതെന്നു കോൺഫെഡറേഷൻ പ്രസിഡന്റ് വി.കെ. മുഹമ്മദും ശ്രീനാരായണ മന്ദിരസമിതി ജനറൽ സെക്രട്ടറി എൻ.എസ്. സലിംകുമാറും പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഏകത്വ സിദ്ധാന്തത്തിനും സ്വാമി വിവേകാനന്ദന്റെ സാർവദേശീയ മതസിദ്ധാന്തത്തിനും ആധുനിക സമൂഹത്തിലുള്ള പ്രസക്തിയെക്കുറിച്ച് ഒരു വിശകലന പഠനം എന്നതായിരിക്കും ഗവേഷണ വിഷയം. ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും തത്ത്വചിന്തയും സർവകലാശാല മുഖ്യപാഠ്യപദ്ധതിയുടെ ഭാഗമാക്കാനായി മുൻകൈ എടുത്ത് പ്രവർത്തിച്ചത് മുംബൈ സർവകലാശാലയിലെ ഫിലോസഫി വിഭാഗം തത്ത്വശാസ്ത്ര വകുപ്പ് മേധാവിയായ ഡോ. ഗീത രമണ, പ്രൊഫ. ഡോ. നാരായൺ ശങ്കർ ഗഡാ ഡെ എന്നിവരാണ്. വിവിധ കോഴ്സുകളുടെ പാഠ്യവിഷയങ്ങളിൽ ശ്രീനാരായണ ദർശനവും ഉൾപ്പെടുത്തും.