ബെംഗളൂരു: കർണാടകത്തിലെ ശിവമോഗയിൽ കോവിഡ് കുത്തിവെപ്പെടുത്ത ഡോക്ടർ രണ്ടുദിവസത്തിനുശേഷം മരിച്ചു. മരണം കുത്തിവെപ്പിനെത്തുടർന്നല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നാണ് വിശദീകരണം.
ശിവമോഗ ജെ.പി. ആശുപത്രി ഉടമയും പ്രമുഖ അസ്ഥിരോഗവിദഗ്ധനുമായ ഡോ. ജയപ്രകാശാണ് (59) മരിച്ചത്. തിങ്കളാഴ്ചയാണ് കോവിഷീൽഡ് കുത്തിവെപ്പെടുത്തത്. തുടർന്നും ജോലിചെയ്തുവരുകയായിരുന്നു. ബുധനാഴ്ച രാവിലെ നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇത് പ്രതിരോധകുത്തിവെപ്പെടുത്തതുകൊണ്ടുണ്ടായതല്ലെന്നും ഹൃദയസംബന്ധമായ അസുഖവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നതായും ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു.