ബെംഗളൂരു: കോവിഡ് ബാധിതർക്കും അവരുമായി സമ്പർക്കത്തിലായി ക്വാറന്റീനിൽ കഴിയുന്നവർക്കും ശമ്പളത്തോടെയുള്ള അവധി അനുവദിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. ക്വാറന്റീനിൽ കഴിയുന്ന ദിവസങ്ങളിലെ അവധി ശമ്പളത്തോടെയുള്ളതായി പരിഗണിച്ച് വിതരണം ചെയ്യണമെന്ന് തൊഴിൽ സ്ഥാപനങ്ങളോട് നിർദേശിക്കുന്നതാണ് ഉത്തരവ്. സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഇത് ബാധകമായിരിക്കും.

കോവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള സർക്കാരിന്റെ ക്വാറന്റീൻ അവധിയുമായി ബന്ധപ്പെട്ട നയത്തിൽ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണിത്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ മുൻകാല പ്രാബല്യം വരുത്തിയാണ് ചീഫ് സെക്രട്ടറി പി. രവികുമാറിന്റെ ഉത്തരവ്. കോവിഡ് ബാധിക്കുകയോ കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ വരുകയോ ചെയ്താൽ സർക്കാർ നിബന്ധനപ്രകാരം ക്വാറന്റീനിൽ കഴിയുന്ന മുഴുവൻദിവസങ്ങളിലെയും അവധി ശമ്പളത്തോടെയുള്ളതായി പരിഗണിക്കും.