മുംബൈ: പ്രസാർഭാരതിയുടെ ഉടമസ്ഥതയിലുള്ള ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിൽ നുഴഞ്ഞുകയറി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. 2017 മേയിൽ ആരംഭിച്ച ചാനൽ ഇത്രയുംകാലം പണം നൽകാതെയാണ് ഡി.ഡി. ഫ്രീ ഡിഷിൽ പ്രദർശിപ്പിച്ചിരുന്നത്. വർഷത്തിൽ 12 കോടിരൂപയാണ് ഡി.ഡി. ഫ്രീ ഡിഷിൽ ഒരു ചാനൽ പ്രദർശിപ്പിക്കാൻ വാടകയായി നൽകേണ്ടത്.

ഏകദേശം 25 കോടിയുടെ നഷ്ടം ഇതുമൂലം പ്രസാർഭാരതിക്ക് ഉണ്ടായതായാണ് കണക്കാക്കുന്നത്. അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒ.യും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളിൽ ഡി.ടി.എച്ചിൽ നുഴഞ്ഞുകയറിയ വിഷയവും പരാമർശിക്കുന്നുണ്ട്. റിപ്പബ്ലിക് ടി.വി.യെപ്പറ്റി ചില പരാതികൾ വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് മുന്നിലുണ്ടെന്നാണ് പാർഥോ ദാസ് ഗുപ്ത വാട്‌സാപ്പ് ചാറ്റിൽ അർണബിനോട് പറയുന്നത്. മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിവഴിയാണ് തനിക്കീ വിവരം ലഭിച്ചതെന്നും പാർഥോ ദാസ് പറയുന്നു. ഇതിനുമറുപടിയായി അർണബ് പറയുന്നത് ഈവിവരം പുറത്തുവിടാതെ സൂക്ഷിച്ചിട്ടുള്ളതായാണ് തന്നോട് റാത്തോഡ് പറഞ്ഞതെന്നാണ്. അർണബ് പറയുന്ന റാത്തോഡ് കേന്ദ്രമന്ത്രിയായിരുന്ന രാജ്യവർധൻ സിങ് റാത്തോഡ് ആണെന്നാണ് മുംബൈ പോലീസ് നൽകുന്ന സൂചന.