ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ പരിശോധനയ്ക്കായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി കർഷകസംഘടനകളുമായി ചർച്ച തുടങ്ങി. കേരളം, യു.പി, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ എട്ടു സംസ്ഥാനങ്ങളിലെ പത്തു കർഷകസംഘടനകളുമായി വ്യാഴാഴ്ച വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.

ഈ സംഘടനകളൊന്നും സമരരംഗത്തില്ല. കാർഷികനിയമങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശം ചില സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് സമിതി അറിയിച്ചു. സമിതിയുമായി വ്യക്തിപരമായോ സംഘടിതമായോ സഹകരിക്കില്ലെന്നാണ് പ്രക്ഷോഭരംഗത്തുള്ള കർഷകർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, വരുംദിവസങ്ങളിൽ ഇവരേയും സമിതിയംഗങ്ങൾ സമീപിക്കും.

മഹാരാഷ്ട്രയിലെ ഷേത്കാരി സംഘടനാ പ്രസിഡന്റ് അനിൽ ഗൻവത് അധ്യക്ഷനായ സമിതിയിൽ കാർഷിക വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരാണ് അംഗങ്ങൾ. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപീന്ദർ സിങ് മാൻ സമിതിയിൽനിന്ന് പിൻമാറിയിരുന്നു.

കർഷകർ, സംസ്ഥാന സർക്കാരുകൾ, വിപണനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുമായി ചർച്ച ചെയ്തശേഷമുള്ള അഭിപ്രായങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നും തങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളല്ലെന്നും സമിതി അധ്യക്ഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സമിതി.