ന്യൂഡൽഹി : മത്സ്യബന്ധന ബോട്ടിൽ ശ്രീലങ്കൻ നാവികസേനയുടെ കപ്പലിടിച്ച് മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യമന്ത്രാലയം ശ്രീലങ്കയെ പ്രതിഷേധം അറിയിച്ചു. ശ്രീലങ്കൻ വിദേശകാര്യമന്ത്രിയെയും ഇന്ത്യയിലെ ശ്രീലങ്കൻ ആക്ടിങ് ഹൈകമ്മിഷണറെയുമാണ് പ്രതിഷേധമറിയിച്ചത്.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മാനുഷികതയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ പാലിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.