കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അതിർത്തി ഗ്രാമങ്ങളിൽ ബി.എസ്.എഫ്. ജവാൻമാർ ഒരു രാഷ്ട്രീയകക്ഷിക്കുവേണ്ടി വോട്ടു പിടിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ്. ആരോപണം ബി.എസ്.എഫ്. നിഷേധിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫുൾ ബെഞ്ചിന് മുമ്പിൽ തൃണമൂൽ സെക്രട്ടറിയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ പാർഥ ചാറ്റർജിയാണ് ആരോപണമുന്നയിച്ചത്. ബി.എസ്.എഫ്. ജവാൻമാർ ഗ്രാമവാസികളെ ഭയപ്പെടുത്തുകയാണ്. “ഇവിടെ കഴിയണമെങ്കിൽ ഒരു പ്രത്യേക കക്ഷിക്ക് വോട്ട് ചെയ്യണം. ജില്ലാ കളക്ടറും എസ്.പിയുമൊന്നും എപ്പോഴും കൂടെയുണ്ടാവില്ല’’ എന്നാണ് ഭീഷണിയെന്ന് പാർഥ പറഞ്ഞു.

ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബി.എസ്.എഫ്. പത്രക്കുറിപ്പിൽ പറഞ്ഞു. അതിർത്തി കാക്കുകയും അതിർത്തി പ്രദേശങ്ങളിൽ സമാധാനമുറപ്പാക്കുകയും മാത്രമാണ് തങ്ങളുടെ ജോലിയെന്നും പത്രക്കുറിപ്പ് വിശദീകരിച്ചു. ബി.എസ്.എഫ്. കൃത്യമായി അവരുടെ ജോലി ചെയ്യുന്ന സേനയാണെന്നും ഇപ്പോൾ പശുക്കടത്ത് നടക്കാത്തതിന്റെ രോഷമാണ് തൃണമൂലിനെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു.