ന്യൂഡൽഹി: ഫെയ്സ്ബുക്ക് ഇന്ത്യാ വൈസ് പ്രസിഡന്റിനെ വിളിച്ചുവരുത്താൻ ഡൽഹി നിയമസഭാസമിതിക്ക് അധികാരമില്ലെന്ന് കമ്പനി സുപ്രീംകോടതിയിൽ. കൂടുതൽ അധികാരം വേണമെങ്കിൽ നിയമനിർമാണം നടത്തണം. ഡൽഹിക്ക് സ്വന്തമായി നിയമമുണ്ടാക്കാനാവില്ലെന്നും ഫെയ്സ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. കേസിൽ ജനുവരി 27 മുതൽ പ്രതിദിനവാദം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം തടയാൻ ഫെയ്സ്ബുക്ക് നടപടിയെടുത്തില്ലെന്നുകാട്ടിയാണ് നിയമസഭാസമിതി സമൻസയച്ചത്. സമിതിക്കുമുൻപാകെ ഹാജരാവില്ലെന്ന് അജിത് മോഹൻ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അജിത് മോഹനെ പ്രതിയാക്കിയല്ല, മറിച്ച് സാക്ഷിയായാണ് വിളിച്ചുവരുത്തുന്നതെന്ന് നിയമസഭാസമിതി അധ്യക്ഷൻ രാഘവ് ഛഡ്ഡ എം.എൽ.എ.യും വ്യക്തമാക്കിയിരുന്നു. സമൻസ് ചോദ്യംചെയ്ത് അജിത് മോഹൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പിഴചുമത്തുമെന്ന ഭീഷണിയോടെ നിയമസഭാസമിതി ഒരു വ്യക്തിയെ വിളിച്ചുവരുത്തുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് അജിത് മോഹന്റെ വാദം. നേരിട്ട് ഹാജരായി മൊഴിനൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നാണ് സമിതി പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിൽ മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പോലീസും ക്രമസമാധാനവും ഡൽഹി നിയമസഭാസമിതിയുടെ കീഴിലല്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നിയമസഭാസമിതിക്ക് അധികാരമില്ലെന്നും അജിത് മോഹൻ ചൂണ്ടിക്കാട്ടുന്നു.