മുംബൈ: അധോലോക സംഘം നടത്തിയിരുന്ന മയക്കുമരുന്നു നിർമാണശാല നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി. അധോലോക കുറ്റവാളി കരിംലാലയുടെ ബന്ധുവും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ ചിങ്കു പഠാനെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് മുംബൈ നഗരത്തിലെ ഡോംഗ്രിയിൽ പ്രവർത്തിച്ചിരുന്ന മെഫഡ്രോൺ ഫാക്ടറിയിൽ റെയ്ഡ് നടത്തിയത്. ദാവൂദിന്റെ ശക്തി കേന്ദ്രമായിരുന്ന ഡോംഗ്രിയിലെ ഫാക്ടറിയിൽനിന്ന് മയക്കുമരുന്നിനു പുറമേ പണവും ആയുധങ്ങളും കണ്ടെത്തിയതായി എൻ.സി.ബി. വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച അറസ്റ്റിലായ ചിങ്കു പഠാനിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ചയും തുടർന്നു. പഠാന്റെ കൂട്ടാളികളാണ് ഫാക്ടറി നടത്തിയിരുന്നത് എന്നാണ് അറിയുന്നത്. കൃത്രിമ രാസവസ്തുവായ മെഫഡ്രോൺ വൻ നഗരങ്ങളിലെ യുവാക്കളുടെ ലഹരി സത്കാരവേളകളിലെ പ്രധാന മയക്കുമരുന്നാണ്.

മുംബൈ നഗരത്തിൽ ഉപയോഗിക്കുന്ന മെഫഡ്രോണിന്റെ 70 ശതമാനവും നിർമിക്കുന്നത് പഠാൻ സംഘമാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. നഗരത്തിലെ മയക്കുമരുന്ന് ഇടപാട് ഇപ്പോഴും ദാവൂദിന്റെ കൂട്ടാളികളുടെ കൈവശമാണെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാടുകാരുമായി ബന്ധമുള്ള ഫാക്ടറിയിൽ നിന്ന് വിദേശത്തേക്കും മെഫഡ്രോൺ കയറ്റി അയക്കുന്നുണ്ടെന്ന് എൻ.സി.ബി. പറയുന്നു.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സോണൽ ഡയറക്ടർ സമീർ വാംഖഡേയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ നവിമുംബൈയിലെ ഒളിയിടത്തിൽനിന്നാണ് പഠാനെ പിടികൂടിയത്. ഇയാളിൽനിന്ന് മെഫഡ്രോൺ പിടിച്ചെടുത്തിരുന്നു. അറുപതുകളിലും എഴുപതുകളിലും മുംബൈ അധോലോകത്തെ നിയന്ത്രിച്ചിരുന്ന കരിംലാലയെന്ന അബ്ദുൾ കരീം ഷേർ ഖാന്റെ ബന്ധുവായ പഠാൻ പിന്നീട് ദാവൂദ് സംഘത്തിനൊപ്പം കൂടുകയായിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടർച്ചയായാണ് എൻ.സി.ബി. തിരച്ചിൽ ശക്തമാക്കിയത്.