ചെന്നൈ: വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങൾക്കും വേഗപ്പൂട്ട് (സ്പീഡ് ഗവേണർ) നിർബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാഹനാപകടക്കേസിൽ നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എൻ. കൃപാകരൻ ജസ്റ്റിസ് അബ്ദുൾ ക്വദ്ദോസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പുതിയ നിർദേശം മുന്നോട്ടുവെച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.

ചെന്നൈയിൽ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് തട്ടി ചലനശേഷി നഷ്ടമായ പെൺകുട്ടിക്കനുവദിച്ച നഷ്ടപരിഹാരത്തുക വർധിപ്പിക്കാനാണ് കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തുക 18.44 ലക്ഷത്തിൽനിന്ന് 1.50 കോടിയായി വർധിപ്പിച്ച് കോടതി ഉത്തരവിട്ടു.

റോഡുകളിൽ നിർമിക്കുന്ന വേഗത്തടകൾ (സ്പീഡ് ബ്രേക്കർ) അപകടത്തിന് കാരണമാകുന്നതൊഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണം അവ നിർമിക്കേണ്ടത്. ലൈസൻസിന് അപേക്ഷിക്കുന്നവരെ, വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ അടുത്തെത്തിച്ച് റോഡ് നിയമങ്ങൾ ലംഘിക്കുന്നതിന്റെ പരിണിതഫലം വിശദീകരിക്കുകയും ഇവരെ റോഡ് സുരക്ഷാ വിദഗ്ധർ, ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ക്ലാസുകളിൽ പങ്കെടുപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.