ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളിൽ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ. കോവിഡ് രോഗികൾക്കായി ആശുപത്രികളിൽ കിടക്കകളും ചികിത്സാസൗകര്യങ്ങളുമില്ല. കേന്ദ്രമന്ത്രിമാർ നിരുത്തരവാദിത്വപരമായ പ്രസ്താവനകൾ നടത്തുമ്പോൾ പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഇടവേളകളിൽ വാക്സിൻ ഉത്സവം, ഓക്‌സിജൻ എക്സ്‌പ്രസ് എന്നൊക്കെ പറഞ്ഞ് വാചകക്കസർത്തുകൾ നടത്തുകയാണെന്നും കമൽ ആരോപിച്ചു.

പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവില്ലാത്തവരുടെ കൈയിൽ അധികാരമിരിക്കുന്നത് പരിഹാസ്യമാണ്. വാക്സിൻ വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്ക് പൂർണസ്വാതന്ത്ര്യം നൽകാത്തതിനെയും കമൽ വിമർശിച്ചു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.