ന്യൂ‍ഡൽഹി: മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദർസിങ്ങിനെ നീക്കി ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ച ‘പഞ്ചാബ് ഓപ്പറേഷ’നുശേഷം കോൺഗ്രസ് ഹൈക്കമാൻഡ് ഛത്തീസ് ഗഢിലും രാജസ്ഥാനിലും അതേനടപടിക്ക്‌ മുതിരുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

കോൺഗ്രസിന് സ്വന്തമായി ഭരണമുള്ള മറ്റുരണ്ടു സംസ്ഥാനങ്ങൾ ഛത്തീസ്ഗഢും രാജസ്ഥാനും മാത്രമാണ്. രണ്ടിടത്തും പഞ്ചാബിലേതിനു സമാനമായ പ്രശ്നങ്ങളും ചേരിപ്പോരുമൊക്കെ ശക്തമാണ്. അതെങ്ങനെ പരിഹരിക്കുമെന്നതാണ് ഹൈക്കമാൻഡിനുമുന്നിലെ ഇപ്പോഴത്തെ തലവേദന.

ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ അധികാരമേൽക്കുമ്പോൾ രണ്ടരവർഷം കഴിഞ്ഞാൽ മുഖ്യമന്ത്രിസ്ഥാനം ആരോഗ്യമന്ത്രി ടി.എസ്. സിങ്ദേവിന് കൈമാറാമെന്ന് വാക്കാൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ, രണ്ടരവർഷം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ അതിനുതയ്യാറല്ല. ഭൂരിഭാഗം എം.എൽ.എ.മാരും തന്നോടൊപ്പമാണെന്നും സംസ്ഥാനത്ത് മികച്ച ഭരണം നടക്കുന്ന ഈ ഘട്ടത്തിൽ മുഖ്യമന്ത്രിസ്ഥാനമാറ്റമെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. സിങ് ദേവ് ആകട്ടെ, രാഹുൽഗാന്ധിതന്നെ തനിക്ക് ഉറപ്പുനൽകിയതാണെന്ന നിലപാടിലാണ്.

ഇരുനേതാക്കളെയും ഹൈക്കമാൻഡ് പലതവണ ഡൽഹിയിലേക്കു വിളിപ്പിച്ച്‌ ചർച്ചനടത്തി. എന്നാൽ, പരിഹാരമുണ്ടാക്കാനായില്ല. സിങ്ദേവ് തിങ്കളാഴ്ച വീണ്ടും ഡൽഹിയിലെത്തിയിട്ടുണ്ട്. ഛത്തീസ്ഗഢിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ സ്വകാര്യാവശ്യങ്ങൾക്കാണ് എത്തിയതെന്നുമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പരസ്യമായി പറഞ്ഞത്. പഞ്ചാബിൽ ക്യാപ്റ്റൻ രാജിവെക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിൽ സച്ചിൻപൈലറ്റ് വീണ്ടും അധികാരമാറ്റത്തിനായി കലാപക്കൊടി ഉയർത്താനുള്ള ശ്രമത്തിലാണ്. 2020-ൽ മുഖ്യമന്ത്രി അശോക് ഗഹ്‍ലോതിൽനിന്ന് അധികാരം പിടിക്കാനുള്ള അദ്ദേഹത്തിന്റെ അട്ടിമറിനീക്കം പാളിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടാണ് സച്ചിന് കർക്കശമായ മറുപടി ഹൈക്കമാൻഡ് നൽകിയത്. പി.സി.സി. അധ്യക്ഷസ്ഥാനവും നഷ്ടമായി. എന്നാലിക്കുറി എല്ലാപഴുതുകളും അടച്ച നീക്കമായിരിക്കും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നെന്നാണ് അടുപ്പക്കാർ പറയുന്നത്. കൈവിട്ട സ്ഥാനം തിരിച്ചുപിടിക്കുകയെന്നതുതന്നെയായിരിക്കും സച്ചിന്റെ ലക്ഷ്യം. അതിനിടെ മുഖ്യമന്ത്രി ഗഹ്‍ലോതിന് ഹൃദ്രോഗബാധയുണ്ടായതും വിശ്രമത്തിലായതുമാണ് മന്ത്രിസഭാവികസനത്തിന് തത്കാലത്തേക്ക് വിലങ്ങുതടിയായതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. ഗഹ്‍ലോത്‌ വീണ്ടും സജീവമാകുന്നതോടെ പുനഃസംഘടനയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പഞ്ചാബിലേതുപോലെ അധികാരമാറ്റം ഈ രണ്ടുസംസ്ഥാനങ്ങളിലും എളുപ്പമാകില്ല. പഞ്ചാബിൽ ഭൂരിഭാഗം എം.എൽ.എ.മാരും മുഖ്യമന്ത്രിയുടെ എതിർപാളയത്തിലായിരുന്നെങ്കിൽ, ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രിയുടെ ക്യാമ്പിലാണ് അംഗബലം കൂടുതൽ.