ചണ്ഡീഗഢ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്കു സമീപം താൻ തരൻ ജില്ലയിലെ ഖേംകരൻ പ്രദേശത്ത് പോലീസും ബി.എസ്.എഫും നടത്തിയ സംയുക്ത തിരച്ചിലിൽ മയക്കുമരുന്നും ആയുധവും പിടിച്ചു. ഒരു കിലോ ഹെറോയിൻ, 22 പിസ്റ്റളുകൾ, 44 വെടിക്കോപ്പുൾ, 100 റൗണ്ട് വെടിമരുന്നുകൾ എന്നിവ കണ്ടെടുത്തതായി ഡി.ജി.പി. ഇക്ബാൽ പ്രീത് സിങ് സഹോട്ട അറിയിച്ചു.

ഒഴിഞ്ഞ നെൽവയലിൽ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പ്രദേശത്ത് ആയുധങ്ങളും മയക്കുമരുന്നും ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ആയുധങ്ങൾ പാകിസ്താനിൽനിന്ന്‌ കൊണ്ടുവന്നതാണെന്നാണ് സൂചന. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.