ഐസോൾ: അസം, മിസോറം അതിർത്തിയിൽ മൂന്നാഴ്ചയിലേറെയായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി ഇരുസംസ്ഥാനങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാരായ ഗ്യാനേന്ദ്ര ദേവ് ത്രിപാഠിയും ലാൽബിയാക്‌സാംഗിയും ചർച്ചനടത്തും. തെക്കൻ അസമിലെ കച്ചർ ജില്ലയിലാകും കൂടിക്കാഴ്ച.

അതിർത്തിപ്രശ്നം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും മിസോറം മുഖ്യമന്ത്രി സൊറാംഥംഗയുമായും സംസാരിച്ചിരുന്നു.

തിങ്കളാഴ്ച പ്രധാനമന്ത്രിയും ഐസോൾ പ്രശ്നത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

കുറച്ചു ദിവസങ്ങളായി ഇരുസംസ്ഥാനത്തെയും ജനങ്ങൾ ദേശീയപാത 306 ഉപരോധിക്കുന്നതിനാൽ ചരക്കുമായിപ്പോയ മുന്നൂറോളം ട്രക്കുകളും ഒട്ടേറെ വാഹനങ്ങളും അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുകാരണം മിസോറമിലേക്കും മണിപ്പുർ, ത്രിപുര, അയൽ രാജ്യങ്ങളായ മ്യാൻമാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുമുള്ള ചരക്കുനീക്കം നിലച്ചു. ഇരുസംസ്ഥാനങ്ങളിലെയും അതിർത്തിയിൽ പാർക്കുന്നവർ പരസ്പരം അക്രമം നടത്തുകയും പതിനഞ്ചിലേറെ കടകൾ കത്തിക്കുകയും ചെയ്തതോടെയാണ് പ്രശ്നം വഷളായത്. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിരുന്നു,